കണ്ണൂർ: പ്രകൃതിസംരക്ഷണത്തിന് യുവതലമുറയെ ഒരുക്കാനും പ്രകൃതിപാഠങ്ങൾ പങ്കുവെക്കാനുമായി അവരൊന്നിച്ചു. ‘മാതൃഭൂമി’ സീഡ് സ്കൂൾ കോ ഓർഡിനേറ്റർമാർക്കായി നടത്തിയ ശില്പശാലയിൽ പങ്കെടുക്കാനാണ് കണ്ണൂർ വിദ്യാഭ്യാസജില്ലയിലെ അധ്യാപകരെത്തിയത്.
അത്തിയിലയിലെ ഈന്തപ്പഴം കൈമാറി കണ്ണൂർ ഡി.ഡി.ഇ. ദിനേശൻ മഠത്തിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. മികച്ച സീഡ് കോ ഓർഡിനേറ്ററായി കഴിഞ്ഞവർഷം തിരഞ്ഞെടുത്ത ഷാജി തോമസ് ഈന്തപ്പഴം ഏറ്റുവാങ്ങി സഹപ്രവർത്തകർക്ക് വിതരണം ചെയ്തു.
സീഡിന്റെ പ്രവർത്തനം വിദ്യാലയങ്ങളിലുണ്ടാക്കിയ മാറ്റം ശ്രദ്ധേയമാണെന്ന് ഡി.ഡി.ഇ. പറഞ്ഞു. പരിസ്ഥിതിസംരക്ഷണത്തോടൊപ്പം വയോജന സംരക്ഷണമടക്കമുള്ള സാമൂഹികപ്രവർത്തനങ്ങളിലും ഇടപെടാൻ സീഡ് അംഗങ്ങൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
പച്ച, നീല, വെള്ള എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്കൂളുകളിൽ നടത്താനിരിക്കുന്ന കർമപദ്ധതികളെക്കുറിച്ചായിരുന്നു ശില്പശാല.
മാതൃഭൂമി ന്യൂസ് എഡിറ്റർ ഡോ. പി.കെ.രാജശേഖരൻ അധ്യക്ഷതവഹിച്ചു. തളിപ്പറമ്പ് ഡി.ഇ.ഒ. എ.എൻ.അരുണ, ഫെഡറൽ ബാങ്ക് മേഖലാ മേധാവി പി.വി.കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.
മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജോബി പി.പൗലോസ് സ്വാഗതവും സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ നന്ദിയും പറഞ്ഞു.