കുന്നിന്‍ മുകളില്‍ നന്മയ്ക്കായി കൈകോര്‍ക്കല്‍

Posted By : ksdadmin On 22nd July 2013


 കുട്ടികളുടെയും അധ്യപകരുടെയും നാട്ടുകാരുടെയും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള കൈകോര്‍ക്കലാണ് തുടര്‍ച്ചയായി മൂന്ന് വര്‍ഷക്കാലം കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിതവിദ്യാലയ പുരസ്‌കാരം മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേടിക്കൊടുത്തത്. ലോകത്തെ ഏറ്റവും വലിയ ഫലമെന്ന ഖ്യാതിയുണ്ടായിട്ടും അവഗണിക്കപ്പെടുന്ന ചക്കയുടെ  പ്രാധാന്യം വിളിച്ചോതി കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച  ചക്ക മഹോത്സവം മധുരമുള്ള അനുഭവമായി. 

   അമ്പതോളം വൈവിധ്യമാര്‍ന്ന പരിപാടികളാണ് 2012-13ല്‍ അരങ്ങേറിയത്. കൃഷിചെയ്ത അമ്പത് ക്വിന്റലോളം  വെള്ളരി വിപണിയില്‍ വിറ്റഴിക്കാനാവാതെ നട്ടംതിരിഞ്ഞ കര്‍ഷകര്‍ക്ക് തുണയായി സ്‌കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒത്തുചേര്‍ന്നപ്പോള്‍ സ്‌കൂള്‍ മുറ്റത്ത് കുട്ടികള്‍ നടത്തിയ വെള്ളരിക്കച്ചവടം നാടിനു തന്നെ പുതിയ പാഠമായി.
  500 കുട്ടികള്‍ക്ക് 5000 അട്ടപ്പാടി തുവര വായ്പയായി നല്‍കി സീഡ് ബാങ്ക് പദ്ധതിക്ക് തുടക്കമിട്ടു. സ്‌കൂള്‍മുറ്റത്തെ മരച്ചില്ലകളില്‍ പക്ഷികള്‍ക്ക് മണ്‍കുടംകൊണ്ടുള്ള വീടുകള്‍, കണ്ടലുകളെ തിരിച്ചറിയാന്‍ കന്നഡഭാഷയില്‍ കണ്ടല്‍ കൈപ്പുസ്തകം, സ്‌കൂള്‍ മട്ടുപ്പാവില്‍ പച്ചക്കറിക്കൃഷി, കോമ്പൗണ്ടിനകത്തേക്ക് ഒരൊറ്റ പ്ലാസ്റ്റിക്കുകളും കൊണ്ടുവരില്ലെന്ന് ഉറപ്പുവരുത്തി സീഡ് പോലീസ്, അന്യം നിന്നുപോകുന്ന മൊഗ്രാല്‍ പയറിന്റെ കൃഷി, പ്ലാസ്റ്റിക് പുനരുല്‍പാദന പദ്ധതിയായ മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതി സ്‌ക്കൂളില്‍ വിജയകരമായി നടത്തി.
  പുതിയ വീടിനുവേണ്ടി വീട്ടുമുറ്റത്തെ കുമ്പിള്‍ മരം മുറിച്ചപ്പോള്‍ പ്രതിഷേധമുയര്‍ത്തി വിജയം നേടിയ ഉമ്മുറഹീസ റജുവയെന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി, ബാലകര്‍ഷകര്‍ക്ക് അവാര്‍ഡ്, ജപ്തി ഭീഷണിയിലായ വിദ്യാര്‍ഥിനികളുടെ കുടംബത്തിന് കൈത്താങ്ങ്, എന്റെ തെങ്ങ് പദ്ധതി എന്നിവ കുട്ടികളെ ഉണര്‍ത്താനുള്ള പദ്ധതികളായി.
  നെല്‍വയലുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സുഗതകുമാരിയുടെ അഭ്യര്‍ത്ഥനപ്രകാരം മുഖ്യമന്ത്രിക്ക് കത്തയക്കല്‍, ഓണപ്പൂക്കളുടെ പേരില്‍ പട്ടം പറത്തല്‍, പരിസ്ഥിതി ചിത്രോത്സവം, ശിശുദിനത്തില്‍ മുരിങ്ങത്തൈ വിതരണം, ജൈവവൈവിദ്ധ്യസെമിനാര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് മൊഗ്രാല്‍പുത്തൂരിനെ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍  മുന്‍നിരയില്‍ എത്തിച്ചത്.  പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപകന്‍ ഡി. മഹാലിംഗേശ്വര രാജ്, പ്രിന്‍സിപ്പല്‍ കെ. രമേശ, സീഡ് കോര്‍ഡിനേറ്റര്‍ പി. വേണുഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.