മാലിന്യം തീര്‍ക്കുന്ന ദുരന്തങ്ങള്‍ക്കെതിരെ മാതൃഭൂമി 'സീഡ്' കൂട്ടായ്മ

Posted By : mlpadmin On 17th July 2014


മലപ്പുറം/എടക്കര: വലിച്ചെറിയുന്ന മാലിന്യം മനുഷ്യനും പ്രകൃതിക്കും ദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പുനല്‍കി നാരോക്കാവ് സ്‌കൂളിലെ മാതൃഭൂമി 'സീഡ്' പ്രവര്‍ത്തകരുടെ ബോധവത്കരണ റാലി. വഴിക്കടവ് പഞ്ചായത്തിലെ നാരോക്കാവ് ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ആരോഗ്യ ശുചിത്വ ബോധവത്കരണജാഥ നടത്തിയത്.  മഴക്കാലം ആരംഭിക്കുന്നതോടെ സാംക്രമികരോഗങ്ങള്‍ പെരുകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ജൂണില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നല്‍കിയിരുന്നു.  പഞ്ചായത്തിനെ എങ്ങനെ മാലിന്യമുക്തമാക്കാമെന്ന് തെളിയിക്കുന്ന 'എന്റെ ഗ്രാമംശുചിത്വ ഗ്രാമംസുന്ദര ഗ്രാമം'  പദ്ധതിയും ഇവര്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചിരുന്നു.
നിര്‍ദേശങ്ങള്‍ ശ്രദ്ധേയമായതിനെതുടര്‍ന്ന് സീഡ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പഞ്ചായത്തില്‍ വിപുലമായ യോഗംചേര്‍ന്നു.  സീഡ് പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ ജൂലായ് 8ന് ചേര്‍ന്ന ഭരണസമിതിയോഗം പഞ്ചായത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.  ഇതിനെതുടര്‍ന്നാണ് വിളംബര ജാഥ നടത്താന്‍ തീരുമാനിച്ചത്.  മാലിന്യം വിപത്തല്ല, വിഭവമാണ് എന്ന ആശയത്തില്‍ ലഘുനാടകവും തയ്യാറാക്കി.  അങ്ങാടിയിലെ കച്ചവടക്കാര്‍ മാലിന്യങ്ങള്‍ മറ്റുകടകളുടെ മുമ്പിലേക്ക് തളളുന്നതും ഇവര്‍തമ്മില്‍ നടക്കുന്ന വാക്‌പോരും തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വ്യാപാരികളെ ബോധവത്കരിക്കുന്നതുമാണ് പ്രമേയം. 'ശബ്ദം ഉയരട്ടെ ഭൂമിക്കായി' എന്ന ഇക്കൊല്ലത്തെ പരിസ്ഥിതി സന്ദേശവും തങ്ങള്‍ക്ക് പ്രചോദനമായതായി  സ്‌കൂളിലെ സീഡിന്റെ ചുമതലയുള്ള അധ്യാപിക ഷാന്റി ജോണ്‍ പറഞ്ഞു. 
     ഗ്രാമപ്പഞ്ചായത്ത്, വഴിക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തകര്‍ എന്നിവരും പദ്ധതിയില്‍ സഹകരിച്ചു.  നാരോക്കാവ് അങ്ങാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സത്ത് പുളിക്കല്‍ ജാഥ ഉദ്ഘാടനംചെയ്തു.  വൈസ് പ്രസിഡന്റ് അസീസ് പുളിയഞ്ചാലി അധ്യക്ഷതവഹിച്ചു.  സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സാവിത്രി ടീച്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വഴിക്കടവില്‍ സമാപനസമ്മേളനം നടന്നു. അധ്യാപകരായ സിസി, റമീസ്, മുസാഫിര്‍, പ്രദീപ്, എന്നിവരും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭരണസമിതി അംഗങ്ങളും ജാഥയില്‍ പങ്കെടുത്തു.