സീഡ് സംഘം തയ്യാര്‍: ഹരിതഭൂമി വിളിക്കുന്നു...

Posted By : ptaadmin On 16th July 2014


തിരുവല്ല: ഹരിതഭൂമി തിരിച്ചുപിടിക്കാന്‍ മാതൃഭൂമി സീഡ് സംഘം പത്തനംതിട്ട ജില്ലയില്‍ വീണ്ടും കൈകോര്‍ത്തു. മണ്ണും ജലവും വനവും വായുവും നാളത്തേക്കുകൂടിയാണെന്ന സന്ദേശം പകര്‍ന്ന് 'സീഡ്'(സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വേയാണ്‍മെന്റല്‍ ഡവലപ്പ്‌മെന്റ്)ആറാം വര്‍ഷത്തിലേക്ക്.സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയം ഉയര്‍ത്തി വിദ്യാലയങ്ങളിലൂടെയുള്ള പരിസ്ഥിതി പ്രവര്‍ത്തനമാണ് സീഡിലൂടെ നടപ്പാക്കുന്നത്.ജില്ലയിലെ സ്‌കൂളുകളില്‍ നിന്നുള്ള മികച്ച പ്രതികരണം പദ്ധതിയുടെ ചാലകശക്തിയായി മാറി.
ഈവര്‍ഷം സീഡ് പ്രവര്‍ത്തനങ്ങള്‍ മൂന്ന് പ്രധാനവിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്.ജീവന്റെ നിറമായ പച്ച ഒന്നാം വിഭാഗം.കൃഷിയും ജൈവ വൈവിധ്യവത്കരണവും ഇതില്‍പ്പെടും.
രണ്ടാമത് നീലനിറം.ജലസംരക്ഷണം ഈവിഭാഗത്തിലാണ്.മൂന്നാമത് വെള്ളനിറം.ശുചിത്വപരിപാലനമാണ് ഈവിഭാഗത്തില്‍ പ്രധാനം.മൂന്നു വിഭാഗത്തിലും നടപ്പാക്കുന്നതിന് പത്ത് വീതം പ്രായോഗിക പ്രവര്‍ത്തനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.സീഡ് പോലീസ്,സീസണ്‍വാച്ച്,സീഡ് റിപ്പോര്‍ട്ടര്‍,ലവ് പ്ലാസ്റ്റിക് തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങളുമുണ്ട്.ഒരുലക്ഷംരൂപ വരെയുള്ള സമ്മാനങ്ങളാണ് മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്‌കൂളുകളെ കാത്തിരിക്കുന്നത്.

 പുതിയ തലമുറയെ ഹരിതസംസ്‌കാരം പഠിപ്പിക്കുന്നതില്‍ മാതൃഭൂമിക്ക് അഭിമാനിക്കാമെന്ന് ഫെഡറല്‍ ബാങ്ക് തിരുവല്ല റീജണല്‍ ഹെഡ് എം.പി.പീറ്റര്‍ പറഞ്ഞു. 'സീഡ്' സംരംഭത്തില്‍ പങ്കാളികളാണ് ഫെഡറല്‍ ബാങ്ക്.പ്രകൃതിചൂഷണത്തിനുള്ള മറുപടി ഇത്തരം സംരംഭങ്ങളിലൂടെ സമൂഹത്തിന് ലഭിക്കുന്നതായി പത്തനംതിട്ട പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എല്‍.ബീനാകുമാരി പറഞ്ഞു.വൃക്ഷായുര്‍വേദം പഠിപ്പിച്ച ഭാരതത്തിന്റെ പാരമ്പര്യം കുട്ടികളിലേക്ക് പടരട്ടെയെന്ന്പത്തനംതിട്ട വനം റേഞ്ച് ഓഫീസര്‍ എം.ഷാനവാസ് ആശംസിച്ചു.                                  മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍ സ്വാഗതവുംമാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്‌സിക്യുട്ടീവ് യു.സി.അനുരാജ് നന്ദിയും പറഞ്ഞു.പത്തനംതിട്ട,തിരുവല്ല വിദ്യാഭ്യാസ ജില്ലകള്‍ക്ക് പ്രത്യേകമായാണ് ശില്പശാല നടത്തിയത്.മാതൃഭൂമി പത്തനംതിട്ട സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ആര്‍.പ്രഹ്‌ളാദന്‍ ക്ലാസ് നയിച്ചു.ഒരുവര്‍ഷം സ്‌കൂളുകളില്‍ നടത്തേണ്ട സീഡ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപക കോഓര്‍ഡിനേറ്റര്‍മാരും വിദ്യാര്‍ഥിപ്രതിനിധികളും പങ്കെടുത്തു.