മനസ്സില്‍ നന്മ നിറച്ച് വീണ്ടും കരുത്തോടെ 'സീഡ്'

Posted By : ktmadmin On 16th July 2014


കോട്ടയം: മണ്ണിലേക്കും മനസ്സിലേക്കും നന്മയുടെ വിത്തുകള്‍ ആഴത്തില്‍ വേരുറപ്പിച്ച അഞ്ചുവര്‍ഷങ്ങള്‍. ആറാം വര്‍ഷത്തിലേക്കുള്ള കുതിപ്പിന് ആക്കംകൂട്ടിയ അനുഭവങ്ങള്‍ പങ്കുവച്ച ശില്‍പ്പശാല. തിങ്കളാഴ്ച കോട്ടയം മാര്‍ത്തോമാ സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്ന ശില്‍പ്പശാലയിലെ പങ്കാളിത്തം തന്നെയാണ് സീഡ് പ്രവര്‍ത്തനങ്ങളുടെ വിജയത്തിന്റെ സാക്ഷിപത്രം.
പുതുമകളുടെയും വ്യത്യസ്തതകളുടെയും പങ്കുവയ്ക്കല്‍ കൂടിയായി ശില്‍പ്പശാല. അധ്യാപക കോഓര്‍ഡിനേറ്റര്‍ക്കൊപ്പം ഒരു വിദ്യാര്‍ഥിപ്രതിനിധിക്കുകൂടി പങ്കെടുക്കാന്‍ ഇക്കുറി അവസരം ലഭിച്ചത് കുട്ടികള്‍ക്കുലഭിച്ച വലിയ അംഗീകാരമായി. മുന്‍വര്‍ഷങ്ങളില്‍ നടന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വിവിധ മേഖലകളിലെ സീഡ് പ്രവര്‍ത്തകരുടെ വിജയകഥകള്‍ പ്രചോദനാത്മകമായിരുന്നു.
പ്രവര്‍ത്തനങ്ങള്‍ നിറങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. ജീവന്റെ നിലനില്‍പ് ഉറപ്പാക്കുന്ന പച്ചപ്പിന്റെ പ്രതീകമായ 'പച്ച'യാണ് ആദ്യ നിറം. കൃഷി തന്നെയാണ് ഇതിലെ മുഖ്യഇനം. സീഡ് പോലീസ്, സീസണ്‍ വാച്ച് പ്രവര്‍ത്തനങ്ങളും പെടും. ജീവജലത്തിന്റെ നീലിമയുണര്‍ത്തുന്ന 'നീല'യാണ് രണ്ടാമത്തെ നിറം. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍,സീഡ് റിപ്പോര്‍ട്ടര്‍ എന്നിവയാണിതില്‍. വൃത്തിയുടെ നിറമായ 'വെള്ള'യാണ് മൂന്നാമത്തേത്. വ്യക്തി,സാമൂഹിക ശുചിത്വങ്ങളും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടവും ലവ് പ്ലാസ്റ്റിക് പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
വിദ്യാഭ്യാസ ജില്ലാ തലത്തിലും റവന്യു ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും അടക്കം നിരവധിസമ്മാനങ്ങളും ലഭിക്കും. മികച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപക കോഓര്‍ഡിനേറ്റര്‍മാര്‍ക്കും പ്രത്യേകം പുരസ്‌കാരവും നല്‍കും. ഇതു കൂടാതെയാണ് പ്രോത്സാഹനസമ്മാനങ്ങള്‍.