മാവേലിക്കര: വിദ്യാര്‍ഥികളുടെ ജന്മദിനാഘോഷത്തിന് മിഠായി വിതരണത്തിന് പകരം വൃക്ഷത്തൈ നട്ട് ചെറുകോല്‍ ഗവ. മോഡല്‍ യു.പി.സ്കൂള്‍ മാതൃകയാകുന്നു. വിദ്യാര്‍ഥികള്‍ മിഠായി കഴിച്ചശേഷം പ്ലാസ്റ്റിക് കവര്‍ സ്കൂള്‍വളപ്പില്‍ ഉപേക്ഷിക്കുന്നതാണ് സ്കൂള്‍ തുറന്നദിവസംതന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരണയായത്. കഴിഞ്ഞദിവസം പിറന്നാള്‍ ആഘോഷിച്ച ഏഴാംക്ലാസ്സ് ബി. ഡിവിഷനിലെ ഗ്രീഷ്മ രാവിലെ കച്ചോലത്തിന്റെ തൈയുമായാണ് എത്തിയത്. സ്കൂള്‍ അസംബ്ലിയില്‍ വച്ച് വൃക്ഷത്തൈ ഹെഡ്മിസ്ട്രസ്സ് എസ്.ലീനയ്ക്ക് കൈമാറി. സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ആഘോഷപൂര്‍വം വൃക്ഷത്തെ സ്കൂള്‍ വളപ്പില്‍ നട്ടു. സ്കൂളിലെ 200ലധികം വിദ്യാര്‍ഥികളുടെ പിറന്നാളിന് ഓരോ വൃക്ഷത്തൈ നടുകയാണ് ലക്ഷ്യമെന്ന് സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എസ്.ശ്രീലത പറഞ്ഞു. നടുന്ന തൈകളുടെ പരിപാലനച്ചുമതല അതത് വിദ്യാര്‍ഥികള്‍ക്ക് തന്നെയാണ്.