എരുമേലി: ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധങ്ങളായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും കണ്ടുപിടിത്തങ്ങളും വര്‍ദ്ധിക്കുമ്പോള്‍ പരിസ്ഥിതി മലിനീകരണമേറുന്നതായി കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.എന്‍.തങ്കച്ചന്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കണ്ടുപിടിത്തങ്ങളും നിഷേധിക്കാനാവുന്നതല്ല. എന്നാല്‍, പരിസ്ഥിതിയിലുണ്ടാകുന്ന മലിനീകരണ തോത് കുറയ്ക്കുന്ന തരത്തിലാവണം ഇവ നടപ്പാക്കേണ്ടത്. ജൈവഅജൈവ ഘടകങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന പരിസ്ഥിതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് മനുഷ്യന്‍ എന്ന ഒരേയൊരു ജീവിയാണ്. മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഭൂമിയും വായുവും വെള്ളവും മലിനമാകുന്നത് നിസ്സാരമായി കാണാനാവുന്നതല്ല. ഇത് മുന്‍കൂട്ടി കണ്ട് പ്രകൃതിസംരക്ഷണത്തിനായി മാതൃഭൂമി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും സി.എന്‍.തങ്കച്ചന്‍ പറഞ്ഞു.
വികസനം കൂടുമ്പോള്‍ മലിനീകരണ തോതുയരുന്നതായും മനുഷ്യന് മാത്രമുള്ളതല്ല പ്രകൃതിയെന്നും ഫോറസ്റ്റ് ഓഫീസര്‍ എം.ആര്‍.പണിക്കര്‍ അഭിപ്രായപ്പെട്ടു. പ്രകൃതിയുടെ നിലനില്‍പിനാധാരമായ വനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം.
ശില്‍പശാലയില്‍ മാതൃഭൂമി കോട്ടയം സീനിയര്‍ റീജണല്‍ മാനേജര്‍ എസ്.രാജേന്ദ്രപ്രസാദ് സ്വാഗതം പറഞ്ഞു. മാതൃഭൂമി പത്തനംതിട്ട സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ആര്‍. പ്രഹഌദന്‍ ക്ലാസ്സ് എടുത്തു. സോഷ്യല്‍ ഇനിഷ്യേറ്റീവ്‌സ് എക്‌സിക്യൂട്ടീവ് യു.സി. അനുരാജ് നന്ദി പറഞ്ഞു.