എരുമേലി: പ്രകൃതിയുടെ വേദന കണ്ടറിഞ്ഞ വിദ്യാര്‍ഥികളും അധ്യാപകരും. പ്രകൃതിസംരക്ഷണം സാമൂഹികപ്രതിബന്ധതയായി ഏറ്റെടുത്ത മാതൃഭൂമിക്കൊപ്പം അവരും അണിനിരന്നു. ഹരിതസംസ്‌കാരത്തിന്റെ പുതിയ പാഠങ്ങള്‍ വിളയിച്ച അഞ്ചാണ്ടുകള്‍ക്കുശേഷം ആറാം വര്‍ഷത്തിലും മാതൃഭൂമിക്കൊപ്പം പ്രകൃതിസംരക്ഷണം തങ്ങളുടെ ജീവിതചര്യയാണെന്ന് തെളിയിക്കുന്നതായിരുന്നു മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി എരുമേലിയില്‍ നടന്ന ശില്‍പ്പശാല. വികസനത്തിലധിഷ്ഠിതമായ പുതിയ കാലഘട്ടത്തില്‍ നാശോന്മുഖമാകുന്ന പ്രകൃതിയെ തിരികെപിടിക്കാനുള്ള ത്വര ശില്‍പ്പശാലയില്‍ പങ്കെടുത്ത അധ്യാപകരിലും വിദ്യാര്‍ഥികളിലും നിറഞ്ഞുനിന്നു. അവര്‍ മനസ്സാ പ്രകൃതിയുടെ മക്കളാവുകയായിരുന്നു. പ്രകൃതിയുടെ ദയനീയാവസ്ഥയോതുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ തീം സോങ്ങോടെയാണ് ശില്‍പ്പശാല തുടങ്ങിയത്. വിദ്യാര്‍ഥികളുടെ മനസ്സില്‍ വേരുറച്ച പ്രകൃതിസ്‌നേഹം കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും പടര്‍ന്നതിന്റെ പ്രതിഫലനം ശില്‍പ്പശാലയില്‍ പ്രകടമായിരുന്നു. പ്രകൃതിയുടെ നിലനില്‍പ്പിനായി മാതൃഭൂമി ഏറ്റെടുത്ത പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷവും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുകയാണ്. പച്ച, നീല, വെള്ള എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഇക്കുറി പ്രവര്‍ത്തനം. കൃഷി, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജീവന്റെ നിറമായ പച്ചയിലുള്ളത്. ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നീലനിറത്തിലുള്‍പ്പെടും. ശുചിത്വപരിപാലനമാണ് വെള്ളനിറത്തിലുള്ളത്. മൂന്നു വിഭാഗത്തിലും നടപ്പാക്കുന്നതിനായി പത്ത് വീതം പ്രായോഗിക പ്രവര്‍ത്തനങ്ങളുണ്ടെങ്കിലും ഇതില്‍ ഓരോ വിഭാഗത്തിലെയും ഏതെങ്കിലും മൂന്ന് വീതം പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന്റെ ഭൗതികസാഹചര്യങ്ങളനുസരിച്ച് നടപ്പാക്കണം. ഇതിനുപുറമെ സീഡ് പോലീസ്, സീസണ്‍ വാച്ച്, സീഡ് റിപ്പോര്‍ട്ടര്‍, ലവ് പ്ലാസ്റ്റിക് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായുണ്ട്.