മാലിന്യം പരത്തുന്ന വിപത്തുകള്‍ക്കെതിരെ സീഡ് വിദ്യാര്‍ഥികള്‍

Posted By : Seed SPOC, Alappuzha On 15th July 2014


 

 
ചെങ്ങന്നൂര്‍: മാലിന്യം മറവുചെയ്യാത്ത സംസ്‌കരണ കേന്ദ്രത്തിലേക്ക് അവര്‍ മാര്‍ച്ചു ചെയ്തു. മാലിന്യം സംസ്‌കരിക്കൂ, നാടിനെ രോഗങ്ങളില്‍നിന്ന് രക്ഷിക്കൂ എന്ന് ഏകസ്വരത്തില്‍ വിളിച്ചാണ് അവര്‍ അവിടെ ചെന്നത്.
മാലിന്യം മറവ് ചെയ്യാത്ത പെരുങ്കുളം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് സ്വാമി വിവേകാനന്ദ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഹരിതം സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
യഥാവിധി മാലിന്യം സംസ്‌കരിച്ചില്ലെങ്കില്‍ രോഗം പടര്‍ന്നു പിടിക്കുമെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. മാലിന്യം മറവുചെയ്യാന്‍ നഗരസഭ മണ്ണ് ഇവിടെ ഇറക്കിയിരുന്നെങ്കിലും ഇത് യഥാവിധി മറവ് ചെയ്യുന്നില്ല.
മാര്‍ച്ച് പി.ടി.എ. പ്രസിഡന്റ് എ.വി. ശിവദാസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ. സുരേഷ്, ജി. കൃഷ്ണകുമാര്‍, ടി.കെ. ശശി, ദിനു, ശ്രീജ നായര്‍, വിദ്യ കൃഷ്ണന്‍, മായാദേവി, സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, ഭാരവാഹികളായ റിമ എലിസബത്ത്, ഗൗരി ശങ്കര്‍, ഗായത്രി എന്നിവര്‍ പങ്കെടുത്തു.