അലനല്ലൂർ: സമൃദ്ധമായിലഭിക്കുന്ന മഴവെള്ളം തടഞ്ഞുനിർത്തി പ്രയോജനപ്രദമായി വിനിയോഗിച്ചിരുന്ന പരമ്പരാഗതമായ മഴവെള്ള സംഭരണരീതി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് പയ്യനെടം എ.യു.പി. സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും.
ഒന്നരയേക്കറോളംവരുന്ന വിശാലമായ വിദ്യാലയമുറ്റത്തുകൂടി ഒഴുകുന്നവെള്ളം പ്രയോജനപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മാതൃഭൂമി സീഡ്' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർഥികളും മഴവെള്ള 'കൊയ്ത്ത്' ആരംഭിച്ചത്.
പരമ്പരാഗതമായി നാട്ടിലെ കൃഷിയിടങ്ങളിൽ പഴയതലമുറ അനുവർത്തിച്ചുവന്നിരുന്ന ചെറിയ ബണ്ടുകൾ നിർമിച്ചാണ് വെള്ളം സംഭരിക്കുന്നത്. ഇത് സ്‌കൂളിനോടുചേർന്ന് നിർമിച്ചിട്ടുള്ള പൂന്തോട്ടങ്ങളിലേക്കും മരത്തൈകൾക്ക് കീഴിലേക്കും തിരിച്ചുവിട്ട് ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങാൻ അനുവദിക്കുന്നതാണ് പദ്ധതി.
വിദ്യാലയത്തിലെ മഴവെള്ളസംഭരണ പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക കെ.എ. രാധിക, സീഡ് കോഓർഡിനേറ്റർ മഠത്തൊടി ഹംസ, ആർ. ജയമോഹൻ, എം.ജെ. തോമസ്, സീഡ് ക്ലബ്ബ് അംഗങ്ങളായ സി. സുബീഷ്, വി. ജിഷ്ണു, കെ.കെ. അഭിജിത്ത്, എം.ആർ. രജിൻ, കെ.കെ. നിഷാദ് അലി, അൻഷാദ് അലി, എം.ആർ. പ്രണവ്, പി.ജി. ഗോകുൽ എന്നിവർ നേതൃത്വം നൽകി.