ബേക്കല്‍:തരിശിട്ടിരുന്ന വയല്‍ പാട്ടത്തിനെടുത്ത് സീഡ് ക്ലബ്ബിന്റെ നെല്‍ക്കൃഷി. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബാണ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണമൊരുക്കാനായി മലാംകുന്ന്പുത്തിയകോടി വയലില്‍ നെല്‍ക്കൃഷി തുടങ്ങിയിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ താത്പര്യമറിഞ്ഞപ്പോള്‍ മലാംകുന്ന് പുരുഷ സ്വയംസഹായസംഘവും ഉദുമ കൃഷിഭവനും ഗ്രാമപ്പഞ്ചായത്തും സഹായങ്ങളുമായി രംഗത്തെത്തിയതായി സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.സതീഷ്‌കുമാര്‍ പറഞ്ഞു. കൃഷിവകുപ്പാണ് വിത്ത് നല്‍കിയത്.
കൊയ്‌തെടുക്കുന്ന കതിര്‍മണികള്‍ പരവനടുക്കം വൃദ്ധസദനത്തിന് കൈമാറാനാണ് കുട്ടികളുടെ തീരുമാനം. ഞാറ് നടീല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം വി.പ്രഭാകരന്‍, പ്രധാനാധ്യാപകന്‍ പ്രേമരാജന്‍, കൃഷി ഓഫീസര്‍ ജ്യോതി, സി.കെ.വേണു, അശോകന്‍ ബേക്കല്‍, അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു.