പ്രകൃതി സംരക്ഷണത്തിന് കുട്ടികളെ പ്രാപ്തരാക്കാന്‍ മാതൃഭൂമി സീഡ് പര്യാപ്തംകളക്ടര്‍

Posted By : klmadmin On 12th July 2014


 

കൊല്ലം: നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനായി കുട്ടികളെ പ്രാപ്തരാക്കാന്‍ മാതൃഭൂമിയുടെ സീഡ് പദ്ധതി പര്യാപ്തമാണെന്ന് കളക്ടര്‍ പ്രണബ് ജ്യോതിനാഥ് പറഞ്ഞു. സീഡ് പദ്ധതിക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി നടത്തിയ പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
വിവരങ്ങളും പ്രവര്‍ത്തനങ്ങളും പിന്നീട് ഉപയോഗിക്കുന്നതിനായി രേഖപ്പെടുത്തി വയ്ക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം മുന്നിലാണെന്ന് അനുഭവത്തില്‍നിന്ന് താന്‍ മനസ്സിലാക്കിയതായി കളക്ടര്‍ പറഞ്ഞു. എന്നാല്‍ വിദ്യാഭ്യാസമികവില്‍ കേരളം പിന്നിലാണ്. ഈ സ്ഥിതിക്ക് ഇപ്പോള്‍ മാറ്റം വന്നുതുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകര്‍ക്ക് ഇക്കാര്യങ്ങളില്‍ വലിയ സംഭാവന ചെയ്യാന്‍ കഴിയും. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഓരോ സ്‌കൂളിലും ഓരോ കോഓര്‍ഡിനേറ്റര്‍മാര്‍ ഉണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
ഇനിയുള്ള കാലം കുടിവെള്ളത്തിനെന്നപോലെ രോഗങ്ങളോടും യുദ്ധം ചെയ്യേണ്ട സ്ഥിതിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ.സന്തോഷ് കുമാര്‍ പറഞ്ഞു. ശുചീകരണത്തിനുള്ള ബ്ലീച്ചിങ് പൗഡറിലെ ക്ലോറിന്‍ ഭാവിയില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി കൊല്ലം ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.ജയന്തിദേവി, ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ ബി.പ്രേംചന്ദ്, കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി ആര്‍.ദാമോദരന്‍ പിള്ള, എ.എച്ച്.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ശ്രീരംഗം ജയകുമാര്‍, ജി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് ബി.ഓമനക്കുട്ടന്‍ നായര്‍, കെ.പി.എസ്.ടി.യു. ജില്ലാ പ്രസിഡന്റ് വി.എന്‍.പ്രേംനാഥ്, എ.കെ.എസ്.ടി.യു. ജില്ലാ സെക്രട്ടറി എസ്.ഹാരിസ് എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി കൊല്ലം പ്രത്യേക ലേഖകന്‍ സി.ഇ.വാസുദേവ ശര്‍മ സ്വാഗതവും സീഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ് നന്ദിയും  പറഞ്ഞു.
മാതൃഭൂമി റിസര്‍ച്ച് മാനേജര്‍ ആര്‍.ജയപ്രകാശ്, സീഡ് എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക്, സീഡ് കൊല്ലം വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍.ജയചന്ദ്രന്‍ എന്നിവര്‍ ക്ലാസെടുത്തു. മാതൃഭൂമി ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് സീഡ് പദ്ധതി നടപ്പാക്കുന്നത്.