മണ്ണാർക്കാട്: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപക കോഓർഡിനേറ്റർമാർക്കായി സംഘടിപ്പിച്ച ശില്പശാല പ്രകൃതിയുടെയും പരിസ്ഥിതിയുടെയും പുതിയ അറിവുകൾ പങ്കുവെക്കാനുള്ള വേദിയായി.
മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണബാങ്ക് ഹാളിൽ മണ്ണാർക്കാട് ഡി.ഇ.ഒ. പി. നാരായണൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ തകർത്തുകൊണ്ടുള്ള ഒരു വികസനസങ്കല്പമല്ല നമുക്കാവശ്യം. പരിസ്ഥിതിസംബന്ധമായ ശാസ്ത്രീയപഠനത്തോടൊപ്പം സമൂഹത്തിൽ ഇടപെടുന്നതിനെക്കുറിച്ച് കുട്ടികളെ ചിന്തിപ്പിച്ച് അവരെ പ്രവൃത്തിപഥത്തിലേക്കിറക്കുവാൻ അധ്യാപകർക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ ടി. അരുൺകുമാർ അധ്യക്ഷനായി. ശ്രേഷ്ഠമായ ഭാരതീയസംസ്‌കാരം വികസനത്തിന്റെ കുത്തൊഴുക്കിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ 'സമൂഹനന്മ കുട്ടികളിലൂടെ' എന്ന ആശയം ഉയർത്തിപ്പിടിച്ചുള്ള 'മാതൃഭൂമി'യുടെ പ്രകൃതിസംരക്ഷണസംസ്‌കാരം വളരെയധികം പ്രശംസയർഹിക്കുന്നുവെന്ന് സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ ശില്പ വി. കുമാർ ആശംസാപ്രസംഗത്തിൽ വ്യക്തമാക്കി.
സീഡിന്റെ പ്രവർത്തനമേഖല കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും എത്തിക്കാൻ എല്ലായ്‌പ്പോഴും ഫെഡറൽ ബാങ്കിന്റെ കൈത്താങ്ങുണ്ടാകുമെന്ന് ഫെഡറൽ ബാങ്ക് എ.ജി.എം. ടി.എൻ. പ്രസാദ് പറഞ്ഞു. പ്രകൃതിയെ സ്‌നേഹിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കാൻ വിദ്യാലയങ്ങളിൽ വിഷവിമുക്ത പച്ചക്കറി ഉത്പാദിപ്പിക്കുന്നതുൾപ്പെടെയുള്ള കാർഷികപ്രോത്സാഹനപദ്ധതികൾക്ക് ആവശ്യമായ സാമ്പത്തികസഹായങ്ങളടക്കം കൃഷിവകുപ്പ് നൽകുന്നതാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.കെ. കരീം പറഞ്ഞു.
സീസൺ വാച്ച് കേരള കോഓർഡിനേറ്റർ കെ. മുഹമ്മദ് നിസാർ, മാതൃഭൂമി സർക്കുലേഷൻ മാനേജർ സജി കെ. തോമസ്,ചീഫ് സബ് എഡിറ്റർ രാജൻ ചെറുക്കാട്, സീഡ് എക്‌സിക്യൂട്ടീവ് ജസ്റ്റിൻ ജോസഫ്, ഒറ്റപ്പാലം വിദ്യാഭ്യാസജില്ല സീഡ് കോഓർഡിനേറ്റർ പി. രാകേഷ് എന്നിവർ ക്ലാസെടുത്തു.