പൂര്‍വവിദ്യാര്‍ഥികള്‍ക്ക് കുരുന്നുകളുടെ തണല്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്‌കൂള്‍ വിട്ടിറങ്ങിയവരുടെ വീട്ടിലേക്ക് ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ്-ഇക്കോ ക്ലബ്ബിലെ കുട്ടികളെത്തി. കൈയില്‍ ഒട്ടുമാവിന്റെയും കവുങ്ങിന്റെയും നെല്ലിയുടെയും തൈകളുമായി. പഴയതലമുറക്ക് തണലൊരുക്കാന്‍ അവര്‍ ഒരു മരത്തൈ നല്‍കി. അവരുടെ അനുവാദത്തോടെ അവര്‍ നിര്‍ദേശിച്ച സ്ഥലത്ത് കുഴിയെടുത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു.
പരിസ്ഥിതിദിനത്തിലാണ് സീഡ് അംഗങ്ങള്‍ അധ്യാപകരുടെ പിന്തുണയോടെ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് ഒരു തണല്‍ പരിപാടി ആരംഭിച്ചത്. പുതിയ രീതിയിലുള്ള ഹരിതവത്കരണം അറിയിക്കാന്‍ വിദ്യാര്‍ഥികള്‍ റാലി നടത്തി. 240 വിദ്യാര്‍ഥികള്‍ അണിനിരന്ന ഈ റാലി അവസാനിച്ചത് അപ്പ്‌ന ഹള്ളിയിലെ പൂര്‍വവിദ്യാര്‍ഥിനിയായ ആസ്യുമ്മയുടെ വീടിനുമുന്നിലാണ്. കുട്ടികളെ കണ്ട് ആസ്യുമ്മ അമ്പരന്നു. തൈവിശേഷം പറഞ്ഞപ്പോള്‍ ആസ്യുമ്മക്ക് പെരുത്ത് സന്തോഷം. മാലതി ടീച്ചര്‍ ഒരു ഒട്ടുമാവ് നല്‍കി. അപ്പോഴേക്കും മക്കളായ അഹമ്ദ് മുഷ്ത്താഖും മുഹസിനും എത്തി. അവരും ഈ സ്‌കൂളിലെ പഠിതാക്കളായിരുന്നു. അവര്‍ക്കും കുട്ടികള്‍ വൃക്ഷത്തൈ നല്‍കി. ഒരു വീട്ടില്‍ മൂന്ന് മരം. അതിനെ പൊന്നുപോലെ പരിപാലിക്കുമെന്ന ആസ്യുമ്മയുടെ മറുപടിയില്‍ കുട്ടികള്‍ അടുത്ത വീട്ടിലേക്ക്...
തപാല്‍വകുപ്പില്‍നിന്ന് വിരമിച്ച ഷെയ്ക്ക് മൊയ്തീന്‍, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റായ മുഹമ്മദ് ഉപ്പള ഗേറ്റ് തുടങ്ങി 12 പൂര്‍വവിദ്യാര്‍ഥികളുടെ വീടുകളിലാണ് ആദ്യദിനം കുട്ടികള്‍ സന്ദര്‍ശനം നടത്തി വൃക്ഷത്തൈകള്‍ നല്‍കിയത്. പരിസരത്തുള്ള പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ വൃക്ഷത്തൈ നല്‍കുമെന്ന് കെ.അശ്വതി, രാമചന്ദ്രന്‍ പാറമേല്‍ എന്നിവര്‍ പറഞ്ഞു.
തൈകള്‍ ഇപ്പോള്‍ വില കൊടുത്താണ് അധ്യാപകര്‍ വാങ്ങുന്നത്. സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വിദ്യാര്‍ഥികളും അധ്യാപകരും.
പ്രധാനാധ്യാപിക ശാന്തകുമാരി, അധ്യാപകരായ മാലതി, വീണകുമാരി, രാമ ആരിക്കാടി, രാമചന്ദ്ര, രാജേന്ദ്രപ്രസാദ്, മനോജ്, പ്രേമരാജന്‍ തുടങ്ങിയ അധ്യാപകരും ഇക്കോക്ലബ്ബ് കണ്‍വീനര്‍ അന്നത്ത് ബീവി, അസ്‌കര്‍ അലി, ജമാല്‍ എന്നിവരുമാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.