കമ്പോളസംസ്‌കാരത്തില്‍ കൃഷിരീതികള്‍ നാം മറന്നു-അനില ജോര്‍ജ്‌

Posted By : idkadmin On 9th July 2014


തൊടുപുഴ: കമ്പോളസംസ്‌കാരത്തിന്റെ അധിനിവേശത്തോടെ പരന്പരാഗത കൃഷിസംസ്‌കാരത്തെയും രീതികളെയും നാം മറന്നുപോയെന്ന് ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില ജോര്‍ജ് പറഞ്ഞു. നെല്ല് എന്താണെന്നുപോലും അറിയില്ലാത്ത കുട്ടികളുണ്ട്. അരിയില്‍ നിന്ന് ചോറുണ്ടാകുമെന്ന് അവര്‍ക്കറിയാം. അരി എവിടെനിന്ന് വരുന്നുവെന്ന് ചോദിച്ചാല്‍ അറിയില്ല.
മാതൃഭൂമി സീഡ് പദ്ധതിയുടെ െതാടുപുഴ വിദ്യാഭ്യാസജില്ലാതല അധ്യാപക പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട് സീഡ് കുട്ടികള്‍ വളര്‍ത്തിയെടുത്ത പുതിയ സംസ്‌കാരം കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവട്ടെയെന്ന് ഫെഡറല്‍ ബാങ്ക് അസി. ജനറല്‍ മാനേജര്‍ തോമസ് ആന്റണി പറഞ്ഞു.
കൃഷി ഒരു സംസ്‌കാരമായി നമ്മള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ നമ്മുടെ മാത്രമല്ല, ഭൂമിയുടെയും ആരോഗ്യവും ആയുസ്സും വര്‍ധിക്കും. കുടുംബകൃഷിപദ്ധതി വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പിന്റെ എല്ലാവിധ സഹായവും സ്‌കൂളുകള്‍ക്കുണ്ടാവുമെന്ന് തൊടുപുഴ കൃഷിവകുപ്പ് അസി. ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു. മാതൃഭൂമി ഇടുക്കി ബ്യൂറോ ചീഫ് ജോസഫ് മാത്യു, അസി. പരസ്യ മാനേജര്‍ ടോമി ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ പി.ജെ.ജോസ് ക്ലാസ്സെടുത്തു. തൊടുപുഴ അസി. സെയില്‍സ് ഓര്‍ഗനൈസര്‍ സതീഷ് കെ. സ്വാഗതവും സോഷ്യല്‍ ഇനിഷ്യേറ്റീവ്‌സ് എക്‌സിക്യുട്ടീവ് അജിത് കെ.കെ. നന്ദിയും പറഞ്ഞു.