സീഡ് ജന്മദിനത്തില്‍ സ്മൃതിവനത്തില്‍ വിദ്യാര്‍ഥികളൊത്തുകൂടി

Posted By : idkadmin On 7th July 2014


പണിക്കന്‍കുടി: മാതൃഭൂമിയുടെ സീഡ് പദ്ധതിയുടെ ജന്മദിനം ആഘോഷിക്കാന്‍ പണിക്കന്‍കുടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'ഭൂമിക' നേച്ചര്‍ ക്ലൂബ്ബിലെയും സീഡ് ക്ലൂബ്ബിലെയും വിദ്യാര്‍ഥികള്‍ ഒത്തുകൂടി. സീഡ് ജന്മവര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ നട്ടുവളര്‍ത്തിയ സ്മൃതിവന വൃക്ഷങ്ങള്‍ക്കരികിലായിരുന്നു പരിപാടി. നാലുവര്‍ഷം മുമ്പ് സീഡ് പദ്ധതിയുടെ ഭാഗമായി സ്‌കൂളിനോടു ചേര്‍ന്നുള്ള മലഞ്ചെരിവില്‍ വിദ്യാര്‍ഥികള്‍ ഒരേക്കര്‍ സ്ഥലത്താണ് സ്മൃതി വനമൊരുക്കിയത്. നെല്ലിയും, മാവും, ഞാവലും, പ്ലൂവും, ഇലഞ്ഞിയും, തേക്കും, മഹാഗണിയും മലഞ്ചെരുവിലെ തണല്‍മരങ്ങളായി മാറിക്കഴിഞ്ഞു. കൊമ്പൊടിഞ്ഞാല്‍ മലയടിവാരത്തിലെ സ്മൃതിവനത്തില്‍ വച്ചാണ് സ്‌കൂളിലെ നേച്ചര്‍ ക്ലൂബ്ബിന്റെയും സീഡ് ക്ലൂബ്ബിന്റെയും പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നപ്പോള്‍ നട്ട വൃക്ഷങ്ങള്‍ മിക്കതും കുട്ടികളെക്കാള്‍ ഉയരത്തില്‍ തണല്‍ വിരിച്ചു നില്‍ക്കുകയാണ്. വൃക്ഷജാലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സെമിനാര്‍ നടന്നു. അദ്ധ്യാപകരായ സ്മിത എ.എസ്, ആസാദ് കെ.എസ്, റോയി സെബാസ്റ്റ്യന്‍, സെബി ഫ്രാന്‍സിസ്, മുബഷീര്‍ പുല്‍പ്പാടന്‍, വിദ്യാര്‍ഥി പ്രതിനിധികളായ അശ്വിന്‍ ബെന്നി, അമൃത മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.