ചാരുംമൂട്: വെട്ടിക്കോട്ടുചാൽ സംരക്ഷിക്കാൻ വിദ്യാർഥികളുടെ കൂട്ടായ്മ. മധ്യതിരുവിതാംകൂറിലെ പ്രധാന ജലസ്രോതസ്സായ വെട്ടിക്കോട്ടുചാൽ നിരന്തരം മലിനമാക്കുന്നതിനെതിരെയാണ് ചുനക്കര ഗവൺമെന്റ് വി.എച്ച്.എസ്.എസ്സിലെയും താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെയും വിദ്യാർഥികൾ സമരം നടത്തിയത്.
താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ ‘മാതൃഭൂമി’ സീഡ് ക്ളബ്ബിലെയും പരിസ്ഥിതി ക്ളബ്ബിലെയും വിദ്യാർഥികൾ ചാൽ സംരക്ഷിക്കുന്നതിന് വിവിധ നിർദ്ദേശങ്ങൾ എഴുതിയ പ്ളക്കാർഡുകളുമേന്തി വായ മൂടിക്കെട്ടിയായിരുന്നു പ്രകടനം നടത്തിയത്. തുടർന്ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി അധികൃതർക്ക് നിവേദനം നൽകി. മുഖ്യമന്ത്രി, ജില്ലാ കളക്ടർ, എം.എൽ.എ. എന്നിവർക്കും പരാതി നൽകി. ചാലിലേക്ക് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നാണ് കുട്ടികളുടെ പ്രധാന ആവശ്യം.
സീഡ് കോ-ഓർഡിനേറ്റർ എൽ. സുഗതൻ നേതൃത്വം നൽകി. ചുനക്കര ഗവൺമെന്റ് വി.എച്ച്.എസ്.എസ്സിലെ കുട്ടികളും വായ മൂടിക്കെട്ടി പ്രകടനം നടത്തിയാണ് പ്രതിഷേധിച്ചത്.
മാതൃഭൂമി നന്മ, സീഡ് ക്ളബ്ബ് പ്രവർത്തകർ പങ്കെടുത്തു. മുഖ്യമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകി. ചാലിന്റെ പരിസരം നിരീക്ഷിക്കുന്നതിനായി വീഡിയോ കാമറകൾ സ്ഥാപിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. നന്മ കോ-ഓർഡിനേറ്റർ ജെ. ജഫീഷ് നേതൃത്വം നൽകി.