മാത്തിൽ: കുരങ്ങുശല്യമെന്ന് വിലപിക്കുകയും അവയുടെ ദ്രോഹത്തിൽനിന്ന് രക്ഷനേടാൻ അവയുടെ ജീവനെടുക്കുകയും ചെയ്യുന്ന നാട്ടിൽ പുതിയൊരു മാതൃകയുമായി 'സീഡ്' അംഗങ്ങൾ. ഏറ്റകുടുക്ക എ.യു.പി. സ്‌കൂളിലെ 'സീഡ്' അംഗങ്ങളാണ് കുരങ്ങുകൾ കൃഷിയിടങ്ങളിലെത്തുന്നത് തടയാൻ പുതിയ കർമപദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത്. ഭൂമിയുടെ അവകാശികൾക്ക് ഒരു തേൻകനിത്തോപ്പ് എന്ന് പേരിട്ടിരിക്കുന്ന പഴവൃക്ഷത്തൈ നടീൽ പരിപാടി മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ ടി.സുരേഷ് ബാബു സപ്പോട്ടത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.എൺപത് ഏക്കറോളം പരന്നുകിടക്കുന്ന ദേവിയോട്ട് കാവിന് സമീപം കൂട്ടപ്പുന്നയിലെ ഒരേക്കർ സ്ഥലത്താണ് കുട്ടികൾ ഇരുനൂറിലേറെ ഫലവൃക്ഷത്തൈകൾ നട്ടത്. പയ്യന്നൂരിലെ വൺസീറോ ട്യൂഷൻ സെൻററാണ് സീഡ് അംഗങ്ങൾക്ക് വൃക്ഷത്തൈകൾ നല്കിയത്. കാവിനുള്ളിൽ ഭക്ഷണം ലഭിക്കാത്തതിനാലാണ് കുരങ്ങുകൾ വെളിയിലെ തോട്ടങ്ങളിൽ ഭക്ഷണം തേടിയെത്തുന്നതെന്നും അതുകൊണ്ടാണ് ഈ ഒരു പരീക്ഷണമെന്നും സീഡ് ക്ലബ്ബ് കൺവീനർ അനന്തുകൃഷ്ണൻ പറഞ്ഞു.വൃക്ഷത്തൈനടൽ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സ്‌കൂൾ പ്രഥമാധ്യാപിക സി.ശ്രീലത അധ്യക്ഷത വഹിച്ചു. ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡൻറ് പി.ശശിധരൻ, ഡയറക്ടർമാരായ കെ.എം.ബാലകേശവൻ, കെ.സുകുമാരൻ, സ്‌കൂൾ മാനേജർ ടി.തമ്പാൻ, പി.ടി.എ. പ്രസിഡൻറ് എം.കണ്ണൻ, മദർ പി.ടി.എ. പ്രസിഡൻറ് യമുന വിജയൻ, ദേവിയോട്ട് കാവ് ദേവസ്വം ട്രസ്റ്റ് ചെയർമാൻ കെ.ഗോപാലൻ നായർ, സെക്രട്ടറി പി.കുഞ്ഞിരാമൻ, ഊരാളൻ കോതേൻ ജനാർദനൻ, കാവ് അന്തിത്തിരിയൻ എൻ.എം.രാമൻ, ഡോ. കെ.ബിജു, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ സീഡ് കോ ഓർഡിനേറ്റർ കെ.രവീന്ദ്രൻ സ്വാഗതവും കൺവീനർ അനന്തുകൃഷ്ണൻ നന്ദിയും പറഞ്ഞു.