കൂത്തുപറമ്പ് ഹൈസ്കൂളിൽ സീഡ് കൃഷി ഇനി ചാക്കുകളിലും

Posted By : knradmin On 27th June 2014


കൂത്തുപറമ്പ്: വീടുകളിലെ സ്ഥലപരിമിതി കൃഷിക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സ്കൂൾമുറ്റത്ത് സീഡംഗങ്ങൾ ചാക്കുകളിൽ കൃഷിയിറക്കി. 
കൂത്തുപറമ്പ് ഹൈസ്കൂളിലെ സീഡംഗങ്ങളാണ് സ്കൂൾമുറ്റത്തെ പാറപ്പുറത്ത് ചാക്കുകളിൽ കൃഷിയിറക്കിയത്. 
കടകളിൽനിന്ന് വാങ്ങിയ ഒഴിഞ്ഞ ചാക്കുകളിൽ മണ്ണും ചാണകവളവും കോഴിവളവും കൂട്ടികലർത്തിയതിനുശേഷമാണ് വിത്തുകൾ നട്ടത്. വിവിധതരം നെൽവിത്തുകൾ, ചാമ, മുത്താറി, തിന, വരക്, ചോളം, ചേന, ഇഞ്ചി, മഞ്ഞൾ, വിവിധതരം ഇലക്കറികൾ എന്നിവയാണ് നട്ടത്. മുന്നൂറോളം ചാക്കുകൾ ഇതിനായി ഉപയോഗിച്ചു. ക്ലബ് അംഗങ്ങളായ അസറുദ്ദീൻ, അഖിലേഷ്, ജിബിൻ രാജ്, സ്വീറ്റി സുന്ദർ, വർണാരാജ്, പ്രരിഗാ പ്രകാശ്, സഞ്ചയ്, വിഷ്ണു തുടങ്ങിയവരാണ് കാർഷികപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.കെ.വിജയൻ വിത്ത് നടീൽ ഉദ്ഘാടനം ചെയ്തു. 
സീഡ് കോ ഓർഡിനേറ്റർ കുന്നുമ്പ്രോൻ രാജൻ അധ്യക്ഷനായിരുന്നു.