ഹരിപ്പാട്: സ്‌കൂള്‍മുറ്റത്ത് നട്ട കറിവേപ്പ് കൗതുകത്തോടെയാണ് കുട്ടികള്‍ നോക്കിനിന്നത്. അവരില്‍ കറിവേപ്പില കണ്ടിട്ടുള്ളവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍, കറിവേപ്പ് കണ്ട് പരിചയമുള്ളവര്‍ കുറവായിരുന്നു. നടുവട്ടം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്‌ളബ്ബാണ് പരിസ്ഥിതി ദിനത്തില്‍ പള്ളിക്കൂടത്തില്‍ മുറ്റത്ത് കറിവേപ്പ് തൈകള്‍ നട്ടത്. സ്‌കൂളിലെ എന്‍.എസ്.എസ്.യൂണിറ്റും സഹകരിച്ചു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ സ്‌കൂളില്‍ രണ്ടുദിവസമായി നടക്കുന്ന പരിസ്ഥിതി ആഘോഷം സമാപിച്ചു. മാനേജര്‍ എം.എസ്.മോഹനന്റെ അധ്യക്ഷതയില്‍ പ്രൊഫ.പി.കെ.ബിന്ദു മുഖ്യപ്രഭാഷണം നടത്തി. വൃക്ഷത്തൈ വിതരണം, പരിസ്ഥിതിദിന പ്രതിജ്ഞ പരിസ്ഥിതി മത്സര വിജയികള്‍ക്ക് സമ്മാനദാനം എന്നിവ നടന്നു. സി.എസ്.ഗീതാകുമാരി, വി.ശ്രീകുമാര്‍, ബി.രമേശ്കുമാര്‍, സി.ജി.സന്തോഷ്, ബി.രാജേഷ്, ലേഖ നായര്‍ എന്നിവര്‍ പങ്കെടുത്തു.