പാലക്കാട്: കുട്ടികളുടെ മനസ്സില്‍ പ്രകൃതിസംരക്ഷണമെന്ന മഹത്തായ ദൗത്യത്തിന്റെ വിത്തുപാകി 2014-15 വര്‍ഷത്തെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതാഭമായ തുടക്കം. പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചന്ദ്രനഗര്‍ ഭാരതമാത ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മുറ്റത്ത് കറിവേപ്പിലത്തൈ നട്ടുകൊണ്ട് സീഡ് പോലീസ് അംഗവും സ്‌കൂള്‍ വിദ്യാര്‍ഥിയുമായ വി. കൈലാസ് നിര്‍വഹിച്ചു. മാതൃഭൂമി സീഡിന്റെ ആറാംവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്.
ഉദ്ഘാടനച്ചടങ്ങില്‍ മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജര്‍ കെ. സേതുമാധവന്‍നായര്‍ അധ്യക്ഷനായി. ഡി.ഇ.ഒ. വി. ഗിരിജ മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.കെ. ശോഭന മുഖ്യപ്രഭാഷണം നടത്തി. ഭാരതമാത സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടര്‍ ടി.എ. അരുണ്‍ സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൃക്ഷത്തൈകള്‍ വീണ്ടും വീണ്ടും നട്ടുകൊണ്ട് ആഗോളതാപനത്തെ പ്രതിരോധിക്കുമെന്നും വിത്തിന്റെ കരുത്തും ഇലയുടെ പച്ചയും തെളിനീരും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും കുട്ടികള്‍ പ്രതിജ്ഞചെയ്തു.
അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സാജു വര്‍ഗീസ്, ഫെഡറല്‍ ബാങ്ക് പാലക്കാട് ചീഫ് മാനേജര്‍ സിന്ധു ആര്‍.എസ്. നായര്‍, ഭാരതമാത സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍ തട്ടില്‍, പ്രിന്‍സിപ്പല്‍ ഫാ. ബാബു തട്ടില്‍, പി.ടി.എ. പ്രസിഡന്റ് എ. കൃഷ്ണന്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോസഫ് പനയ്ക്കല്‍, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി. അരുണ്‍കുമാര്‍, ചീഫ് സബ് എഡിറ്റര്‍ രാജന്‍ ചെറുക്കാട്, സര്‍ക്കുലേഷന്‍ മാനേജര്‍ സജി കെ. തോമസ് എന്നിവര്‍ സംസാരിച്ചു.