വിവേകാനന്ദ ബാലാശ്രമത്തിലെ 25 കുട്ടികളും ഇനി ഓരോ വൃക്ഷത്തിന് സ്വന്തക്കാർ

Posted By : ptaadmin On 17th June 2014


അടൂർ: ഇവർ ഇരുപത്തിയഞ്ച് പേരും ഇനി ഓരോ ഫലവൃക്ഷത്തിന് സ്വന്തക്കാർ. ലോക പരിസ്ഥിതി ദിനത്തിൽ പറക്കോട് അമൃത (പി.ജി.എം.) ബോയ്സ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവർത്തകർ അടൂർ ചേന്നംപള്ളിൽ സ്വാമി വിവേകാനന്ദ ബാലാശ്രമത്തിലെ ഇരുപത്തിയഞ്ച് കുട്ടികൾക്കാണ് ഫല വൃക്ഷങ്ങൾ നല്കി പരിസ്ഥിതി ദിനാചരണം നടത്തിയത്. ആശ്രമത്തിനു ചുറ്റും ഫല വൃക്ഷത്തൈകൾ നട്ട് അത് പരിപാലിക്കുന്നതിനുള്ള ചുമതലയും കുട്ടികൾ ഏറ്റെടുത്തിട്ടുണ്ട്. അശ്രമത്തിലെ കുട്ടികൾ നടുന്ന ഫല വൃക്ഷത്തിന് ആ കുട്ടികളുടെ പേരുകൾ തന്നെയാണ് നല്കുക.
നാടിനെയും വിടിനെയും ഹരിതാഭമാക്കുക എന്ന പറക്കോട് അമൃത (പി.ജി.എം) സ്കൂളിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് സിഡംഗങ്ങൾ സീഡ് കോ-ഓർഡിനേറ്റർ ജി. മനോജിനൊപ്പം വിവേകനാന്ദ ബാലാശ്രമത്തിൽ എത്തിയത്. ഇതിന് സാക്ഷ്യം വഹിക്കാനെത്തിയ വിശിഷ്ടാതിഥികൾ തന്നെ ഫലവൃക്ഷത്തൈകൾ കുട്ടികൾക്ക് കൈമാറി.
മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടൽകൊണ്ട് പരിസ്ഥിതിക്ക് ഏറ്റവും നാശം സംഭവിച്ചിട്ടുള്ള പള്ളിക്കൽ പഞ്ചായത്തിലെ സ്ഥലം തന്നെ ഈ ചടങ്ങിന് തിരഞ്ഞെടുത്തത് മാതൃകാപരമാണെന്ന് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ബി. ഹർഷകുമാർ പറഞ്ഞു. അടൂർ നഗരഭാ കൗൺസിലർമാരായ അനൂപ് ചന്ദ്രശേഖർ, സന്തോഷ്, പറക്കോട് സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്. ബിനു, മനു തയ്യിൽ, സ്കൂൾ പി.ടി.എ. അംഗം ബി.അനിൽകുമാർ, ബാലാശ്രമ സെക്രട്ടറി ശശിധരൻനായർ, ബാലാശ്രമപ്രമുഖ് ഗോപിനാഥൻ, സുഭാഷ് നിഖിൽ, മാതൃഭൂമി അടൂർ ലേഖകൻ എസ്.പ്രശാന്ത്, കടമ്പനാട് ലേഖകൻ കെ.പി.ചന്ദ്രൻ, മാതൃഭൂമി ജെംസ് ഓഫ് സീഡ് അവാർഡ് ജേതാവ് എം.എച്ച്. ഗീരീഷ് എന്നിവർ പങ്കെടുത്തു.
ഭൂമിക്ക് തണലേകാനുംമനുഷ്യന് ജീവശ്വാസം പകർന്നുനല്കാനും വൃക്ഷങ്ങൾ കൂടുതലായി വച്ചു പിടിപ്പിക്കാനാണ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്് ലക്ഷ്യമിടുന്നതെന്ന് സീഡ് കോ-ഓർഡിനേറ്റർ ജി. മനോജ് പറഞ്ഞു.