പുതുപ്പള്ളി: വിദ്യാലയാങ്കണത്തിലെ ആര്യവേപ്പിനെ നമസ്കരിച്ച്, പട്ടുടുപ്പിച്ച് വൃക്ഷപൂജ നടത്തി പുതുപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിക്ക് തുടക്കമായി. സ്കൂൾ മാനേജർ സുരേഷ് വി. വാസു ആര്യവേപ്പിന് പട്ടുടുപ്പിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ.എസ്.വത്സമ്മ സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അമരന്മാരായ മനുഷ്യർ മരങ്ങളായി പുനർജ്ജനിക്കുന്നുവെന്നാണ് പൗരാണിക സങ്കല്പമെന്നും മരം മുറിക്കുംമുമ്പ് അനുവാദം ചോദിക്കുകയും മരത്തിൽ കൂടുകൂട്ടിയിരിക്കുന്ന പക്ഷികളോടും മറ്റും മറ്റിടങ്ങളിലേക്ക് മാറണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് നമ്മുടേതെന്നും ആമുഖപ്രസംഗത്തിൽ പ്രിൻസിപ്പൽ പറഞ്ഞു. സീഡ് പരിസ്ഥിതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രശ്നോത്തരി, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. ഹൈസ്കൂൾ, യു.പി, എൽ.പി വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. സ്കൂൾവളപ്പിൽ വൃക്ഷത്തൈകൾ, ചെടികൾ എന്നിവ നട്ടു. സീഡ് കോ-ഓർഡിനേറ്റർ വി.കെ.ബിന്ദു, വിദ്യാർഥിപ്രതിനിധി അഭിജിത് വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
പുതുപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിലെ സീഡ് പ്രവർത്തനങ്ങൾ സ്കൂൾവളപ്പിലെ
ആര്യവേപ്പിൽ പട്ടുടുപ്പിച്ച് സ്കൂൾ മാനേജർ സുരേഷ് വി.വാസു ഉദ്ഘാടനം ചെയ്യുന്നു.
സ്കൂൾ പ്രിൻസിപ്പൽ എ.എസ്.വത്സമ്മ സമീപം