പാനൂർ: ലോക പരിസ്ഥിതിദിനത്തിൽ കെ.കെ.വി.എം. പാനൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ ‘മരംവര’ ശ്രദ്ധേയമായി.
ഒറ്റ കാൻവാസിൽ സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പാനൂർ ടൗണിലെ കച്ചവടക്കാരും നാട്ടുകാരും യാത്രക്കാരും ബസ്, ഓട്ടോ, ടാക്സികാർ തൊഴിലാളികളും മരങ്ങൾ വരച്ചു.
മാതൃഭൂമി സീഡ് ക്ളബ്ബ്, ഫൈനാർട്സ് ക്ളബ്ബ്, ജൂനിയർ റെഡ്ക്രോസ് എന്നിവ ചേർന്നാണ് പരിസ്ഥിതിദിനാചരണം നടത്തിയത്. തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മികച്ച സീഡ് കോ-ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ.സ്നേഹപ്രഭ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി പാനൂർ ലേഖകൻ വി.പി.ചാത്തു അധ്യക്ഷനായിരുന്നു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ നേതൃത്വത്തിൽ ബോധവത്കരണ റാലിനടത്തി. പ്രശ്നോത്തരി, പ്രസംഗമത്സരം എന്നിവയുണ്ടായി.
മയ്യഴി: പരിസ്ഥിതിദിനത്തിൽ മയ്യഴി മേഖലയിലെ സ്കൂളുകളിൽ സീഡ് ക്ളബ്ബുകളുടെ പ്രവർത്തനം തുടങ്ങി.
ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ ഹരിതദേശം പരിപാടിയുടെ തുടർച്ചയായി രണ്ടാഘട്ട പദ്ധതി തുടങ്ങി.
സീഡ് ക്ളബ്ബംഗങ്ങൾ വൃക്ഷത്തൈകളും പ്ലക്കാർഡുകളുമായി സ്വാതന്ത്ര്യസമര സേനാനി ഒതയോത്ത് കുഞ്ഞിക്കൃഷ്ണൻ നമ്പ്യാരുടെ വീട്ടിലേക്ക് റാലിയായി എത്തിച്ചേർന്നു. അദ്ദേഹം പൊൻചെമ്പകത്തൈ നട്ട് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. വൃക്ഷത്തൈകൾ വിദ്യാർഥികൾക്ക് വിതരണംചെയ്തു. തുണിസഞ്ചികളുടെ വിതരണവുമുണ്ടായി. പ്രഥമാധ്യാപകൻ എം.മുസ്തഫ അധ്യക്ഷത വഹിച്ചു. സീഡ് കോ ഓർഡിനേറ്റർ സി.പുഷ്പ, ടി.വി.സജിത, ജെയിംസ് സി.ജോസഫ്, കെ.കെ.മനീഷ്, ടി.എം.സജീവൻ എന്നിവർ പ്രസംഗിച്ചു. ടി.പി.ഷൈജിത്ത് ബോധവത്കരണ ക്ളാസ് നയിച്ചു. സീഡ് ക്ളബ്ബംഗങ്ങളായ ഹൃദ്ഹരി, അഡിംഷ, ദേവിക, അബിന എന്നിവർ നേതൃത്വം നല്കി.