ചെറുകുന്ന്: ചെറുകുന്ന് ഗവ.വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് അംഗങ്ങളുടെ പ്രവർത്തനഫലമായി മാതൃഭൂമി വാങ്ങിയ കണ്ടൽക്കാടിന്റെ സമർപ്പണം സ്കൂളിന് ഉത്സവമായി. കണ്ടൽക്കാട് സമർപ്പണത്തിനെത്തിയ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി.വീരേന്ദ്രകുമാറിനെ സ്കൂൾ ലീഡർ മിഥുഷയുടെ നേതൃത്വത്തിൽ കണ്ടൽ വിത്തുകളും പൂക്കളും നല്കിയാണ് സ്വീകരിച്ചത്.
‘കണ്ടൽ കാക്കാൻ കുട്ടിക്കൂട്ടം’ എന്ന് പേരിട്ട കണ്ടൽ പരിപാലന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത് പ്ലസ്ടു വിദ്യാർഥികളായ സനോജ്, അബ്ദുള്ള ആറാം ക്ലാസുകാരായ വൈഷ്ണവ്, സാബിത്ത് യു.വി. എന്നിവരുമാണ്. കണ്ടൽത്തൈകളുമായി അതിഥികളെ സ്വീകരിച്ച കുട്ടികൾ ആ തൈകൾ തങ്ങൾക്കായി സമർപ്പിക്കപ്പെട്ട ഭൂമിയിൽ നട്ട ശേഷമാണ് ക്ലാസുകളിലേക്ക് മടങ്ങിയത്.
പി.ടി.എ. പ്രസിഡന്റ് കെ.പ്രകാശൻ, ടി.നാരായണൻ അബ്ദുറഹിമാൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും പ്രിൻസിപ്പൽ പി.ഒ.മുരളീധരൻ, പ്രഥമാധ്യാപകൻ പി.നാരായണൻകുട്ടി, സ്റ്റാഫ് സെക്രട്ടറി അനീഷ് എം., അധ്യാപകരായ പ്രശാന്ത്മുട്ടത്ത്, അനിൽകുമാർ വി., സവിൻ പി., സ്കളിലെ മുൻ സീഡ് കോ ഓർഡിനേറ്റർ പി.വി. പ്രഭാകരൻ എന്നിവരും കണ്ടൽ സമർപ്പണച്ചടങ്ങ് ഉത്സവമാക്കാൻ മുന്നിട്ടിറങ്ങി.