മരങ്ങള്‍ക്കുവേണ്ടി വാദിച്ച് മാര്‍ ക്രിസോസ്റ്റം

Posted By : Seed SPOC, Alappuzha On 12th June 2014


 
 
ആലപ്പുഴ: മരങ്ങളും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയും നര്‍മ്മത്തില്‍ ചാലിച്ച് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത വിവരിച്ചു. സുവര്‍ണനാവിന്റെ ഉടമയെന്ന വിശേഷണം അന്വര്‍ത്ഥമാക്കിയ പ്രസംഗം തൊണ്ണൂറ്റാറുകാരനായ വലിയഇടയന്റെ അനുഭവസാക്ഷ്യവുമായി. മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചാരുംമൂട് വി.വി.എച്ച്.എസ്.എസ്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളോട് മാര്‍ ക്രിസോസ്റ്റം ചോദിച്ചു 'മരമാണോ വിദ്യാലയമാണോ നമുക്കാവശ്യം ?' മരമെന്നു കുട്ടികള്‍ ആര്‍ത്തുവിളിച്ചു. പിന്നെന്തിനാ സര്‍ക്കാര്‍ ഈ പള്ളിക്കൂടമൊക്കെ ഉണ്ടാക്കുന്നത് ? മരങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ പോരേക്രിസോസ്റ്റത്തിന്റെ കുസൃതിച്ചോദ്യത്തിന് കൂട്ടച്ചിരിയായിരുന്നു കുട്ടികളുടെ മറുപടി.
മരം അത്ര നല്ലതാണെങ്കില്‍ മരമണ്ടന്‍ മിടുക്കനായിരിക്കണമല്ലോ എന്ന മെത്രാപ്പോലീത്തയുടെ നിരീക്ഷണവും എല്ലാവര്‍ക്കും രസിച്ചു.
ഇന്നത്തെ വലിയ പള്ളിക്കൂടങ്ങളിലെ വിദ്യാഭ്യാസം അസുഖങ്ങള്‍ വിളിച്ചുവരുത്തുന്ന വിദ്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കാലില്‍ സോക്‌സും ഷൂസുമിട്ടു വരുന്ന കുട്ടികള്‍ ഇടവപ്പാതിയില്‍ റോഡിലിറങ്ങുമ്പോള്‍ നനയും. നനഞ്ഞ സോക്‌സുമിട്ട് എട്ടുമണിക്കൂര്‍ ക്‌ളാസ്സിലിരുന്നാല്‍ രോഗം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ചൂടുകാലത്ത് കോട്ടുമിട്ടു കോടിയിരിക്കുന്നവരെ ഈ നാട്ടിലല്ലാതെ കാണാന്‍ പറ്റുമോ എന്നും അദ്ദേഹത്തിനു സംശയം.
'ചുറ്റുമുള്ളവര്‍ പ്രാണവായു വലിച്ചുകയറ്റി കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുമ്പോള്‍ നമ്മള്‍ ചത്തുപോകാതിരിക്കുന്നത് മരങ്ങളുള്ളതുകൊണ്ടാണ്. നമ്മള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് വലിെച്ചടുത്തു നമുക്കുവേണ്ട ഓക്‌സിജന്‍ തരുന്നതു  മരങ്ങളാണെന്നു നാം മറന്നുപോകുന്നു'മെത്രാപ്പോലീത്തയ്ക്കു പരിഭവം.
നമുക്കു വേണ്ടതെല്ലാം നമ്മുടെ പരിസരങ്ങളിലുണ്ട്. എല്ലാ ചെടികളും ഔഷധങ്ങള്‍ കൂടിയാണ്. ഇതൊന്നുമറിയാതെ രോഗം വിളിച്ചുവരുത്തി ആസ്പത്രികള്‍ തേടി നെട്ടോട്ടമോടുകയാണ് പുതിയ കാലത്തെ മനുഷ്യരെന്ന് അദ്ദേഹം പരിഹസിച്ചു.
കുട്ടികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്താന്‍ സീഡ് പദ്ധതിയിലൂടെ 'മാതൃഭൂമി' നടത്തുന്ന പരിശ്രമത്തെ മാര്‍ ക്രിസോസ്റ്റം അഭിനന്ദിച്ചു. ഇതു ചെയ്തില്ലെങ്കില്‍ മാതൃഭൂമി വായിക്കാന്‍ മനുഷ്യരുണ്ടാവില്ലെന്ന് അവര്‍ക്കു തോന്നിയിരിക്കാമെന്ന നര്‍മ്മവും പൊട്ടിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജിമ്മി കെ.ജോസ് മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി. സുരേഷ് കുമാര്‍, ഫെഡറല്‍ ബാങ്ക് എ.ജി.എം.ആന്‍ഡ് റീജിയണല്‍ മാനേജര്‍ കെ.യു. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. മുരളി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍, സ്റ്റാഫ് സെക്രട്ടറിമാരായ എന്‍. മനോജ്, സജി കെ. വര്‍ഗീസ്, സീഡ് ടീച്ചര്‍ എല്‍. സുഗതന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനിത ഡി.പിള്ള സ്വാഗതവും മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് നന്ദിയും പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ പാലയ്ക്കല്‍ കെ. ശങ്കരന്‍ നായര്‍ കണ്‍വീനറായുള്ള സപ്തതി ട്രസ്റ്റ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 300 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കി.