കൃഷിയുത്സവം
ഒറ്റച്ചുവടില്‍ വിളഞ്ഞത് 50 കിലോ മരച്ചീനി. ഒരു ചുവടില്‍നിന്ന് ശരാശരി 10 കിലോ വിളവ് ലഭിച്ചപ്പോള്‍ 150 ചുവടില്‍നിന്ന് കിട്ടിയത് 1500 കിലോയോളം മരച്ചീനി. ഇതുകേട്ടാല്‍ കര്‍ഷകഭീമന്മാരുടെ കണക്കുപുസ്തകമാണെന്ന് തോന്നും. തിരുമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടിക്കര്‍ഷകരാണ് മരച്ചീനിയിലും പച്ചക്കറിയിലും നൂറുമേനി വിളയിച്ചത്. പ്രതീക്ഷ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കൃഷിയുടെ പത്താംപാഠം ഡിസ്റ്റിങ്ഷനോടെ പാസായത്. കൃഷിയോടൊപ്പം പരിസ്ഥിതി പ്രവര്‍ത്തനം കൂടിയായപ്പോള്‍ മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം സ്‌കൂളിനെ തേടിയെത്തി.
പഠനപ്രവര്‍ത്തനങ്ങളും കാര്‍ഷികപ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കി നടത്തിയ കൃഷി സമ്പൂര്‍ണ വിജയമായി. ഭക്ഷ്യ സുരക്ഷ, കാര്‍ഷിക സംസ്‌കൃതി എന്നിവ ലക്ഷ്യമായി പ്രഖ്യാപിച്ചാണ് കൃഷിയില്‍ ഒരുകൈ നോക്കാനിറങ്ങിയത്. 50 സെന്റ് സ്ഥലത്ത് പത്തിനം പച്ചക്കറികളാണ് കൃഷിചെയ്തത്. പയര്‍, പാവല്‍, നരമ്പന്‍, കുമ്പളം, വെള്ളരി, മത്തന്‍, വെണ്ട, മുളക് തുടങ്ങിയവയാണ് കൃഷിയിറക്കിയത്. വെള്ളവും വളവും വിദ്യാര്‍ഥികള്‍ നല്‍കിയപ്പോള്‍ ചെടികള്‍ പൂത്തുലഞ്ഞു. ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് കീടങ്ങളെ ചെറുത്തു.
വിളവെടുപ്പ് ഉത്സവമായി മാറി. ഫിബ്രവരി 23 ന് വിളവെടുപ്പുത്സവം സി.കൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ജനപ്രതിനിധികള്‍, നാട്ടുകാര്‍, പി.ടി.എ. അംഗങ്ങള്‍ എന്നിവര്‍ സാക്ഷികളായി. 1500 കിലോയോളം പച്ചക്കറികള്‍ ലഭിച്ചു. പച്ചക്കറികള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യ ആസ്വദിക്കാനും ജനങ്ങളെത്തി.
കാര്‍ഷിക ക്ലബ്ബിലെ വിദ്യാര്‍ഥികള്‍ക്കും അയല്‍പക്ക വിദ്യാലയങ്ങള്‍ക്കും പച്ചക്കറികള്‍ സൗജന്യമായി നല്‍കി. ഉച്ചഭക്ഷണത്തിനും പച്ചക്കറികള്‍ ഉപയോഗിച്ച് കുറച്ച് വിത്തിനായി മാറ്റിവച്ചു. സ്‌കൂളുകളില്‍ നടത്തിയ ഏത്തവാഴ കൃഷിയും വിജയമായി.
30 കുട്ടികളെ ഉള്‍പ്പെടുത്തി നടപ്പാക്കിയ സ്റ്റുഡന്റ് ഫാം പ്രോജക്ട് ശ്രദ്ധേയമായി. വീടുകളില്‍ പച്ചക്കറി കൃഷി ചെയ്യാനാണ് സ്റ്റുഡന്റ് ഫാം ക്ലബ്ബ് മുന്‍തൂക്കം നല്‍കിയത്. പത്തിനം പച്ചക്കറികള്‍ കൃഷിക്കായി നല്‍കി. മൂന്ന് കിലോ 670 ഗ്രാം വിത്താണ് നല്‍കിയത്. 1400ല്‍ ഏറെ കിലോ പച്ചക്കറി വീടുകളില്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചത് അഭിമാനമായി. ജൈവകീടനാശിനികളായ വേപ്പെണ്ണ, എമള്‍ഷന്‍, പുകയിലക്കഷായം എന്നിവയും സ്വന്തമായി നിര്‍മിച്ചു. ഇവ തയ്യാറാക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി.
പടിയിറങ്ങിയ ഫലവൃക്ഷങ്ങളെ തിരികെക്കൊണ്ടുവരാന്‍ സീഡ് പോലീസ് നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമായി. മലനിരകളില്‍ സമൃദ്ധമായിരുന്ന ഫലവൃക്ഷങ്ങള്‍ കുറഞ്ഞുവരുന്നതിന്റെ കാരണമന്വേഷിച്ച് വീടുകള്‍ കയറിയിറങ്ങി കുട്ടികള്‍ സര്‍വെ നടത്തി. 61 കുട്ടികള്‍ സ്‌ക്വാഡായി തിരിഞ്ഞാണ് സര്‍വേ നടത്തിയത്. ഭക്ഷ്യവിളകള്‍ക്ക് പകരം റബ്ബര്‍ പോലുള്ള നാണ്യവിളകളുടെ കടന്നുകറ്റം ഫലവൃക്ഷങ്ങളെ പടിയിറക്കുന്നതായി കണ്ടെത്തി. പരിഹാരമായി ബോധവത്കരണത്തിന് പുറമെ ഇരുന്നൂറോളം ഫലവൃക്ഷ തൈകള്‍ വീടുകളില്‍ വിതരണം ചെയ്ത് പരിപാലിച്ചുവരുന്നു. കൂടാതെ സ്‌കൂള്‍വളപ്പില്‍ 50 മാവും 75 പ്ലാവും നട്ടുവളര്‍ത്തുന്നുണ്ട്. മഹാഗണി, തേക്ക്, നെല്ലി തുടങ്ങിയവയും നട്ടിട്ടുണ്ട്.
ശുചിത്വ, ആരോഗ്യ പരിപാലനത്തിനായി പോസ്റ്റര്‍ പ്രചാരണം, നിവേദനം എന്നിവ നടത്തി. ലഹരി വിരുദ്ധദിനത്തില്‍ പ്രത്യേക ലഘുലേഖ തയ്യാറാക്കി വീടുകളില്‍ വിതരണം ചെയ്തു. ടൗണിലേക്ക് മദ്യവിരുദ്ധ റാലി നടത്തി. ആഘോഷങ്ങള്‍ മദ്യോത്സവങ്ങളാകുന്നതിനെതിരെ ശില്പിയും ചിത്രകാരനുമായ സുരേന്ദ്രന്‍ കൂക്കാനം, ചിത്രകാരന്‍ സുരേഷ് അന്നൂര്‍ എന്നിവര്‍ ഒണത്തിന് കണ്ണൂരില്‍ നടത്തിയ തെരുവോര ചിത്രരചന ജനശ്രദ്ധയാകര്‍ഷിച്ചു. മദ്യവിരുദ്ധ സന്ദേശങ്ങളുമായി വിദ്യാര്‍ഥികളും അണിനിരന്നു.
തിരുമേനി തോട്ടിലെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നീക്കി തോട്ടില്‍ തടയണ കെട്ടി. തിരുമേനി ടൗണില്‍ മൂത്രപ്പുരയുടെ ആവശ്യം പഞ്ചായത്തധികൃതരെ ബോധ്യപ്പെടുത്തി. ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തി സീഡിന്റെ ചുണക്കുട്ടികള്‍ ആരോഗ്യ ബോധവത്കരണ ക്ലാസ്, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, എകൈ്‌സസ് മന്ത്രിക്ക് മദ്യത്തിനെതിരെ നിവേദനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ഹരിതീര്‍ഥക്കര വെള്ളച്ചാട്ടം സന്ദര്‍ശിച്ച് വിവരശേഖരണം നടത്തി. പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രം സന്ദര്‍ശനം, കൊട്ടത്തലച്ചി മല സംരക്ഷണം എന്നിവയും സീഡ് ഏറ്റെടുത്തു. ഊര്‍ജസംരക്ഷണത്തിന്റെ ഭാഗമായി ബോധവത്കരണം, ഊര്‍ജസര്‍വേ പോസ്റ്റര്‍ പ്രചാരണം തുടങ്ങിയവ ജനപങ്കാളിത്തത്തോടെ നടത്തി. വൃക്ഷ നിരീക്ഷണം നടത്തിയ കുട്ടികള്‍ സീസണ്‍ വാച്ചും തയ്യാറാക്കി.
ജെം ഓഫ് സീഡ് റ്റിബിന്‍ ജോര്‍ജ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.പി.കൃഷ്ണന്‍ എന്നിവരുടെ പരിശ്രമമാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍. പ്രധാനാധ്യാപകന്‍ ശശി മോഹനന്‍, സഹപ്രവര്‍ത്തകര്‍, പി.ടി.എ. അംഗങ്ങള്‍ എന്നിവരും വേണ്ട സഹായങ്ങള്‍ ചെയ്യുന്നു. അടുത്തവര്‍ഷത്തെ കൃഷിക്കായി നിലമൊരുക്കി കാത്തിരിക്കുകയാണ് സീഡിന്റെ കുട്ടിക്കര്‍ഷകര്‍.
ഊര്‍ജസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീയുമായി കൈകോര്‍ത്ത് ഒരു വാര്‍ഡിലെ വൈദ്യുതി ഉപഭോഗം കുറച്ച വിജയകഥ പറഞ്ഞാണ് പൊതാവൂര്‍ എ.യു.പി. സ്‌കൂള്‍ 2011 - 2013 വര്‍ഷം കാസര്‍കോട് ജില്ലയിലെ ശ്രേഷ്ഠഹരിത വിദ്യാലയമായത്.
'കാലവര്‍ഷം കുറവ്, സംസ്ഥാനം ഇരുട്ടിലേക്ക് 'എന്ന പത്രവാര്‍ത്ത ചര്‍ച്ച ചെയ്ത് ആറാം ക്ലാസിലെ ഊര്‍ജ സംരക്ഷണ പാഠവുമായിച്ചേര്‍ന്ന് വിദ്യാര്‍ഥികള്‍ നടപ്പാക്കിയ പദ്ധതിയാണ് 'നാളേക്കിത്തിരി ഊര്‍ജം'. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ചെറിയക്കര വാര്‍ഡില്‍ 29 കുടുംബശ്രീ യൂണിറ്റുകളുമായിച്ചേര്‍ന്നാണ് സീഡ് അംഗങ്ങള്‍ പദ്ധതി നടപ്പാക്കിയത്. വൈദ്യുതി ബോര്‍ഡും ചെറുവത്തൂര്‍ റോട്ടറി ക്ലബ്ബും ഇതിന് കരുത്തുപകര്‍ന്നു. 207 വീടുകളില്‍നിന്നായി 3939 യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചു. 447 വീടുകളില്‍നിന്ന് 3803 യൂണിറ്റ് വൈദ്യുതി ലാഭിക്കലായിരുന്നു വിദ്യാര്‍ഥികളുടെ ലക്ഷ്യം.
2010 - 2011ലും ശ്രേഷ്ഠഹരിത വിദ്യാലയ പുരസ്‌കാരം പൊതാവൂരിന് ലഭിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തിലെ മികച്ച പ്രവര്‍ത്തന പുരസ്‌കാരവും പൊതാവൂര്‍ യു.പി. സ്‌കൂളിലെ കുട്ടികളെത്തേടി എത്തിയിരുന്നു. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എം.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സ്‌കൂളിനുപുറത്ത് കുട്ടികള്‍ നടത്തിയ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പിന്റെ വനമിത്ര പുരസ്‌കാരത്തിനും ഇവരെ അര്‍ഹരാക്കി.
ഞണ്ടാടി ചെറൂപ്പയിലെ കരിങ്കല്‍ ക്വാറിക്കെതിരെ നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനസേവനത്തിന് വിദ്യാര്‍ഥിശക്തി ഉപയോഗപ്പെടുത്തിയതിന്റെ മികച്ച മാതൃകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൃഷ്ണജയയാണ് ഈ വര്‍ഷത്തെ ജെം ഓഫ് സീഡുകളില്‍ ഒരാള്‍. സീഡ് പോലീസിന്റെ വിജയഗാഥ കൂടിയാണ്.
പഴയ കാലങ്ങളില്‍ നട്ട വൃക്ഷങ്ങളെ പരിപാലക്കുന്നതോടൊപ്പം 'ഹരിതം നാളേക്കായ് കുരുന്നുകള്‍ ' എന്ന പദ്ധതിപ്രകാരം ചീമേനി ടൗണ്‍ ചെറുവത്തൂര്‍ റോഡരികില്‍ നട്ട മരങ്ങളും പൊതാവൂരിന്റെ നന്മയുടെ തണലാണ് 'ഹരിതകാന്തി ' എന്ന പേരില്‍ ചെറിയാക്കര വാര്‍ഡില്‍ നടപ്പാക്കിയ ഔഷധസസ്യ പദ്ധതിയും ശ്രദ്ധേയമായിരുന്നു. പച്ചക്കറി കൃഷിയിലും കുട്ടികള്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ 'കറിക്കൂട്ടം' ജനശ്രദ്ധയാകര്‍ഷിച്ച പരിപാടിയായിരുന്നു. ആരോഗ്യ, ജല സംരക്ഷണ പരിപാടികളിലും സീഡ് അംഗങ്ങള്‍ സക്രിയരായിരുന്നു.