ഭീമനാട്: കോട്ടോപ്പാടം മുതല്‍ ഭീമനാടുവരെയുള്ള 250ലധികം മരങ്ങളെ നിരീക്ഷിച്ച ഭീമനാട് ജി.യു.പി.സ്‌കൂളിലെ സീഡ് അംഗങ്ങള്‍, നിരവധി മരങ്ങളില്‍ പരസ്യബോര്‍ഡുകള്‍ നീക്കപ്പെട്ടതായി കണ്ടെത്തിയെങ്കിലും തറച്ചുവച്ച ആണി മരങ്ങളില്‍തന്നെ അവശേഷിക്കുന്നതായി കണ്ടെത്തി. വിദ്യാര്‍ഥികളുടെ നിരീക്ഷണറിപ്പോര്‍ട്ടും, നിവേദനവും കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് തെക്കന്‍ അസ്മാബിക്ക് സീഡ് റിപ്പോര്‍ട്ടര്‍ പി. റംസിയയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥിസംഘം കൈമാറി. വിദ്യാര്‍ഥികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹ മനഃസാക്ഷിയുടെ കണ്ണ് തുറപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. കുട്ടികളുടെ നിരീക്ഷണപരിപാടിക്ക് പ്രധാനാധ്യാപകന്‍ പി. രാധാകൃഷ്ണനും, സീഡ് കോ-ഓഡിനേറ്റര്‍ വി.എം. സാറാമ്മയും, അധ്യാപകരായ കെ.സി.മിനി, എം. സബിത, കെ. ആഷിഫ്, സ്‌കൂള്‍ ലീഡ് ഫാത്തിമ അഞ്ചു എന്നിവരും നേതൃത്വം നല്‍കി. അഗളി: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അഗളിയിലെ സീഡ് കുട്ടിക്കൂട്ടം ഗൂളിക്കടവ് മുതല്‍ അഗളി എസ്.ബി.ഐ. ജംഗ്ഷന്‍വരെയുള്ള പ്രദേശങ്ങളിലെ വൃക്ഷങ്ങളെ നിരീക്ഷിച്ചു. നിരീക്ഷണ റിപ്പോര്‍ട്ടും നിവേദനവും അഗളി പഞ്ചായത്ത് പ്രസിഡന്റ് ഇ.ജെ. ആന്റണിക്ക് കൈമാറി. സെക്രട്ടറി എസ്. ഷറഫുദ്ദീന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിസിലി സെബാസ്റ്റ്യന്‍, അധ്യാപിക എന്‍. സുമതി, സീഡ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് ഫായിസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.