പൊലിക...പൊലിക...പൊലിക
ആദിയില്‍ വച്ചൊരു അരിയും പൊലിക
കത്തിച്ചുവച്ചൊരു ദീപം പൊലിക...
മണ്ണഞ്ചേരി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകന്‍ പുന്നപ്ര ജ്യോതികുമാറില്‍നിന്ന് ഈ വരികള്‍ ഏറ്റുപാടുമ്പോള്‍ കൊയ്ത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി. പെരുന്തുരുത്തുകരി പാടത്ത് വിതച്ചത് നൂറുമേനിയായി കൊയ്യാനുള്ളതായിരുന്നു ആ ഒരുക്കം. ഒപ്പം പാടശേഖര നെല്ലുത്പാദക സമിതി അംഗങ്ങളും ജനപ്രതിനിധികളും അരിവാളേന്തി നിന്നു. കുട്ടികളുടെ വിത നാടാകെ ഏറ്റെടുത്തതിന്റെ പ്രതിഫലനമായിരുന്നു അത്. അങ്ങനെ വര്‍ഷങ്ങളായി വിതയില്ലാതിരുന്ന പാടത്ത് കൊയ്ത്തുത്സവമായി.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാട്ടിയ മാതൃക പ്രദേശത്തെ കൃഷിക്കാരും വനിതാ സ്വയംസഹായ സംഘങ്ങളും പിന്തുടര്‍ന്നപ്പോള്‍ നൂറേക്കര്‍ തരിശുനിലത്താണ് കതിര്‍ വിളഞ്ഞത്.
മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായാണ് പെരുന്തുരുത്തുകരിയിലെ ഒരേക്കര്‍ തരിശുനിലത്ത് നൂറുമേനി വിളയിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്. ഭക്ഷ്യസുരക്ഷ എന്ന ആശയമാണ് സീഡ് നേതൃത്വം ഇവര്‍ക്ക് നല്കിയിരുന്നത്. കോ ഓര്‍ഡിനേറ്റര്‍ പി.ജി.വേണുവിന്റെ മാര്‍ഗനിര്‍ദ്ദേശം കൂടി ലഭിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല.
വിതയില്ലാത്തതിനാല്‍ തറഞ്ഞും പുല്ലുമൂടിയും കിടക്കുന്ന പാടശേഖരം വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയായിരുന്നു. പലരും നിരുത്സാഹപ്പെടുത്തി. നടക്കുന്ന കാര്യമല്ലിതെന്ന് പലരും ഉപദേശിച്ചു. എന്നാല്‍, സീഡ് വിദ്യാര്‍ഥികളുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ അതെല്ലാം പറന്നു. പുല്ലും കാടും വെട്ടിത്തെളിച്ച് നിലം ഉഴുതു. രണ്ടാഴ്ചകൊണ്ടാണ് നിലമൊരുക്കിയത്. വിവരമറിഞ്ഞ് കൃഷിവകുപ്പ് സഹായവുമായെത്തി. 'ഉമ' നെല്‍വിത്ത് സൗജന്യമായി നല്കി. വിത്ത് നനച്ച് ചാക്കില്‍ കെട്ടിവച്ചു. വേര് പുറത്തുകണ്ടപ്പോള്‍ പാടത്തെറിഞ്ഞു. വളര്‍ന്നപ്പോള്‍ പറിച്ചുകുത്തി. വെള്ളം കയറ്റിയിറക്കാന്‍ കാവലിരുന്നു. കള പറിച്ച് വളമിട്ടു. നെല്ലുവിളഞ്ഞു.
വിദ്യാര്‍ഥികളുടെ ഒരേക്കറില്‍ മാത്രമല്ല, പെരുന്തുരുത്തുകരിയിലെ 100 ഏക്കറിലും പൊന്‍കതിര്‍ നിറഞ്ഞു. വിദ്യാര്‍ഥികള്‍ ഓരേക്കര്‍ പാടം ഒരുക്കുന്നതു കണ്ടപ്പോള്‍ മറ്റ് പാടശേഖരങ്ങളും ഒരുക്കി കൃഷിചെയ്യാന്‍ മറ്റുള്ളവര്‍ തയ്യാറാകുകയായിരുന്നു. പാടശേഖരസമിതി പ്രസിഡന്റ് സി.പി. രവീന്ദ്രന്റെ നിരന്തരസമ്മര്‍ദ്ദം എല്ലാവര്‍ക്കും കരുത്ത് പകര്‍ന്നു.മണ്ണഞ്ചേരിയുടെ നെല്ലറയായ പെരുന്തുരുത്തുകരി പൊന്നണിഞ്ഞ് കാവുങ്കല്‍ വഴിയരികില്‍ വൈക്കോല്‍ കൂനകള്‍ കണ്ടിരുന്ന ഗതകാലം തിരിച്ചുവന്നതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ ഹരി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാനെത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജുമൈലത്ത്, കൃഷി ഓഫീസര്‍
റെജിമോള്‍, പി.ടി.എ. പ്രസിഡന്റ് സി.സി നിസാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ മുരളി തുടങ്ങിയവരെല്ലാം കൂട്ടായ്മയ്ക്ക് സഹായികളായി.
'രാരിക്കം രാരാ'യുടെ താളത്തിലും മേളത്തിലും ഗ്രാമം വീണ്ടും കൃഷിവിശുദ്ധി വീണ്ടെടുത്തു.