സീഡ് വിദ്യാര്‍ത്ഥികളുടെ സര്‍േവ: വൃക്ഷങ്ങളില്‍ പരസ്യം തടയുമെന്ന് പഞ്ചായത്തുകള്‍

Posted By : Seed SPOC, Alappuzha On 13th February 2014



ആലപ്പുഴ: മരങ്ങളെ സ്വതന്ത്രരാക്കുക എന്ന മാതൃഭൂമി സീഡ് കാമ്പയിന്‍ പദ്ധതി ഭാഗമായി ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ സര്‍വെ നടത്തി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മരങ്ങളില്‍ ഒരുവിധ പരസ്യബോര്‍ഡുകളും വയ്ക്കാവുന്നതല്ല. ആണിയടിച്ച് പരസ്യം വയ്ക്കുന്നത്, മരങ്ങളെ നശിപ്പിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ കേസിലാണ് കോടതി വിധിയുണ്ടായത്.കുട്ടനാട്, മാവേലിക്കര, ആലപ്പുഴ, ചേര്‍ത്തല വിദ്യാഭ്യാസ ജില്ലകളില്‍ സീഡ് ക്ലബ്ബുകളില്‍നിന്നായി 165 വിദ്യാര്‍ത്ഥികള്‍ സര്‍വെയില്‍ പങ്കെടുത്തു. ഇതിനൊപ്പം അധ്യാപകരും പി.ടി.എ. ഭാരവാഹികളും പങ്കെടുത്തു. നൂറുകണക്കിന് മരങ്ങളില്‍ ആണി തറച്ചും കമ്പികെട്ടിയും പരസ്യം വച്ചിരിക്കുന്നതായി കണ്ടെത്തി. സര്‍വെയില്‍ ലഭിച്ച വിവരം വിദ്യാര്‍ത്ഥികള്‍ അതത് തദ്ദേശഭരണ മേധാവികള്‍ക്ക് കൈമാറി. അടിയന്തരനടപടി സ്വീകരിക്കുമെന്ന് അവര്‍ ഉറപ്പുനല്‍കുകയും ചെയ്തു.തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി.യു.പി. സ്‌കൂള്‍ സീഡ് ക്ലബ്, സീഡ് പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ സര്‍വ്വേ നടത്തി. തൈക്കാട്ടുശ്ശേരി മാക്കേക്കവല റോഡിന് ഇരുവശത്തുമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. അമ്പതോളം ബോര്‍ഡുകള്‍ ആണിയടിച്ചും കമ്പികൊണ്ട് കെട്ടിയും വച്ചതായി കണ്ടെത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കൃഷ്ണന്‍ നായര്‍ക്ക് വിദ്യാര്‍ഥികള്‍ ഇതിനെതിരെ പരാതി നല്‍കി. അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രശ്‌നം ചര്‍ച്ചചെയ്യുമെന്ന് പ്രസിഡന്റ് ഉറപ്പുനല്‍കി. മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സുജാത, പി.ടി.എ. പ്രസിഡന്റ് വിനോദ്കുമാര്‍, സീഡ് റിപ്പോര്‍ട്ടര്‍ സ്‌നേഹാ റെജി എന്നിവര്‍ നേതൃത്വം നല്‍കി. അമ്പതോളം സീഡ് ക്ലബ്ബംഗങ്ങള്‍ പങ്കെടുത്തു. കളര്‍കോട് യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കളര്‍കോട് ജങ്ഷന്‍ മുതല്‍ ചങ്ങനാശ്ശേരി ജങ്ഷന്‍ വരെയുള്ള മരങ്ങള്‍ പരിശോധിച്ചു. 15 മരങ്ങളില്‍ ആണിയടിച്ച് ബോര്‍ഡുകള്‍ തൂക്കിയതായി കണ്ടെത്തി.
സീഡ് കോ ഓര്‍ഡിനേറ്റര്‍ നവാബ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗിരിജമ്മ കൃഷ്ണന്‍, അധ്യാപകരായ ആര്‍. ഷീജാകുമാരി, പി.എസ്. കവിത എന്നിവര്‍ നേതൃത്വം നല്‍കി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നഗരസഭാധ്യക്ഷ മേഴ്‌സി ഡയാന മാസിഡോയ്ക്ക് കൈമാറി.
പുന്നപ്ര യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വ്വേക്ക് സീഡ് കോ ഓര്‍ഡിനേറ്റര്‍ വിനോദ് രാജന്‍, പരിസ്ഥിതി സംഘടനയായ കൃപയുടെ സെക്രട്ടറി ദേവന്‍ പി. വണ്ടാനം എന്നിവര്‍ നേതൃത്വം നല്‍കി. തളത്ത് ജങ്ഷന്‍ മുതല്‍ പുന്നപ്ര ജങ്ഷന്‍ വരെ നടത്തിയ പരിശോധനയില്‍ 12 മരങ്ങളില്‍ ആണിയടിച്ച് ബോര്‍ഡ് തൂക്കിയതായി കണ്ടെത്തി.
നീര്‍ക്കുന്നം എസ്.ഡി.വി.യു.പി.സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് മുതല്‍ തേവര്‍നട ക്ഷേത്രംവരെ നടത്തിയ പരിശോധനയില്‍ 10 മരങ്ങളില്‍ ആണിയടിച്ച് ബോര്‍ഡ് തൂക്കിയതായി കണ്ടെത്തി. സീഡ് കോ ഓര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജി. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. അമ്പലപ്പുഴ നോര്‍ത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ധ്യാനസുതന് റിപ്പോര്‍ട്ട് നല്‍കി.