മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കനിവ് പകരാന്‍ 'കടലോര നന്മ'

Posted By : Seed SPOC, Alappuzha On 13th February 2014



അന്ധകാരനഴി: മുതിര്‍ന്ന പൗരന്മാര്‍ക്കായി കനിവിന്റെ പദ്ധതികളൊരുക്കി മനക്കോടം പാട്ടം എല്‍.എഫ്.എം എല്‍.പി സ്‌കൂളില്‍ 'കടലോര നന്മ' പദ്ധതി തുടങ്ങി. 'മാതൃഭൂമി' വിദ്യവി.കെ.സി ജൂനിയര്‍ നന്മയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
തുറവൂര്‍ ഗ്രാമപഞ്ചായത്ത് 16, 17, 18 വാര്‍ഡുകളും പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലുമാണ് പ്രവര്‍ത്തനം. എല്ലാ നാലാം ശനിയാഴ്ചകളില്‍ സ്‌കൂളിലും രണ്ടാം ശനിയാഴ്ചകളില്‍ രഘുവരപ്രിയ ട്രസ്റ്റിലും ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിക്കും.
അറിവിനൊപ്പം കുരുന്നു മനസ്സുകളില്‍ നല്ല ചിന്തകളും നിറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഒന്നര ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സുമനസ്സുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
സ്‌കൂള്‍ ഹാളില്‍നടന്ന ചടങ്ങില്‍ അഡ്വ. എ.എം. ആരിഫ് എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എസ്. സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. പ്രോജക്ട് ഉപദേശക സമിതി അംഗം എ.എല്‍. സെലിന്‍ ഓര്‍മ്മമരം നട്ടു.
രഘുവരപ്രിയ ട്രസ്റ്റ് ചെയര്‍മാന്‍ പി.ആര്‍. രാമചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ മാനേജര്‍ പി.ആര്‍. ജോസഫ് പദ്ധതിരേഖ പ്രകാശനം ചെയ്തു.
ഹെഡ്മിസ്ട്രസ് എല്‍. പ്രതിഭ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ അഡ്വ. പി.കെ. ബിനോയ്, മോളി രാജേന്ദ്രന്‍, ജയിന്‍ ഏണസ്റ്റ്, സി.വി. അനിരുദ്ധന്‍, മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റിയന്‍, മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ സി. ബിജു, എം.ആര്‍. റോബിന്‍, പദ്ധതി ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ.ജെ. സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. കുട്ടികൃഷ്ണന്‍ നായര്‍, ഡോ. ധനലക്ഷ്മി എന്നിവര്‍ തുടര്‍ന്ന് നടന്ന ആയുര്‍വേദ ക്യാമ്പിന് നേതൃത്വം നല്‍കി.