ഹരിപ്പാട്: കീടനാശിനികളുടെ പരസ്യബോര്‍ഡുകള്‍ റോഡരികിലെ മരങ്ങള്‍ക്ക് മരണമണി മുഴക്കുന്നു. കുട്ടനാട്ടിലെ ചങ്ങംകരിയിലും സമീപ പ്രദേങ്ങളിലുമായി കീടനാശിനി കമ്പനികളുടെ പരസ്യബോര്‍ഡുകള്‍ തണല്‍മരങ്ങളില്‍ ആണിയടിച്ച് തൂക്കിയിരിക്കുന്നു. ചങ്ങംകരി ദേവസ്വം ബോര്‍ഡ് യു.പി.എസ്സിലെ "മാതൃഭൂമി' സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ "ഫ്രീ ദി ട്രീ' കാമ്പയിനാണ് മരങ്ങളുടെ മരണത്തിനിടയാക്കുന്ന കൈയേറ്റം കണ്ടെത്തിയത്.
നീളമേറിയ ആണികളാണ് പരസ്യബോര്‍ഡുകള്‍ക്കായി മരങ്ങളില്‍ അടിച്ചുകയറ്റുന്നത്. ആണി കയറിയ ഭാഗത്തുവച്ച് മരത്തിന് കേടുവന്ന് നശിച്ചിരിക്കുന്നതും കണ്ടു.
എടത്വ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റേഷന്‍ മുതല്‍ കൊടുപ്പുന്ന വരെയാണ് കുട്ടികള്‍ മരങ്ങള്‍ നിരീക്ഷിച്ചത്.
റോഡരികിലെ മാവ്, ആഞ്ഞിലി, അക്കേഷ്യ, ഗുല്‍മോഹര്‍ എന്നീ മരങ്ങളിലെല്ലാം ആണിയടിച്ച് ബോര്‍ഡുകള്‍ തൂക്കിയിരിക്കുന്നു. കീടനാശിനി കമ്പനിക്കാരാണ് പരസ്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. ഹോം നഴ്‌സിങ് സ്ഥാപനങ്ങള്‍, ഐ.ടി.ഐ.കള്‍, ആരാധനാലയങ്ങള്‍, കമ്പ്യൂട്ടര്‍സ്ഥാപനങ്ങള്‍ എന്നിവയുടെ ബോര്‍ഡുകളുമുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച എടത്വ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ബിന്ദുവിന് കൈമാറി. ബോര്‍ഡുകളിലെ ഫോണ്‍ നമ്പരുകള്‍ അടക്കമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
സീഡ് പ്രതിനിധികളായ എന്‍. ശ്രീഹരി, പി.എസ്. കിരണ്‍, വിവേക് വി. നായര്‍, പ്രവീണ്‍ പ്രദീപ് എന്നിവരും സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി. രാധാകൃഷ്ണനും പങ്കെടുത്തു.