കൊല്ലം: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തിനുള്ള 2013 ലെ എന്‍.സി.ഇ.ആര്‍.ടി. അവാര്‍ഡ് താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്.
തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നുള്ള വിവിധ സ്‌കൂളുകളുമായി മത്സരിച്ചാണ് അവാര്‍ഡ് കരസ്ഥമാക്കിയത്. 2009 മുതല്‍ തുടര്‍ച്ചയായി മാതൃഭൂമി സീഡ് ഹരിതവിദ്യാലയം, 2010-11 ല്‍ ശ്രേഷ്ഠ ഹരിതവിദ്യാലയം, ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ അവാര്‍ഡ്, ജെംസ് ഓഫ് സീഡ് പുരസ്‌കാരം എന്നിവ താമരക്കുടി സ്‌കൂളിനെ തേടിയെത്തിയിരുന്നു.
സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പുലമണ്‍ തോട്ടിലെ മാലിന്യനിര്‍മാര്‍ജനം, കല്ലടയാറിന്റെ തീരസംരക്ഷണത്തിന് മുളനടീല്‍, അഷ്ടമുടിക്കായല്‍ തീരത്ത് കണ്ടല്‍ വനവത്കരണം, അവയവദാന-നേത്രദാന-രക്തദാന കാമ്പയിനുകള്‍, ശബരിമല ശുചീകരണം, അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഡോക്യുമെന്ററി, കാവ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ എന്നിവ താമരക്കുടി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനമികവുകളാണ്.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടന്നുവരുന്ന അക്കാദമിക് പ്രവര്‍ത്തനങ്ങളായ തൊഴില്‍ പരിശീലനം, പ്രദര്‍ശനങ്ങള്‍, ഉത്പാദന യൂണിറ്റുകള്‍, പരീക്ഷാവിജയം എന്നിവ കൂടാതെ പരിസ്ഥിതിസംരക്ഷണം, ഊര്‍ജ്ജ-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ഥികള്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പ്രോജക്ടുകള്‍, മത്സരവിജയങ്ങള്‍ പ്രത്യേകിച്ച് മാതൃഭൂമി നടത്തിയ സ്പാര്‍ക്ക് പ്രോജക്ട് മത്സരത്തില്‍ താമരക്കുടി സ്‌കൂള്‍ പങ്കെടുത്തത് എന്നിവയെല്ലാം അവാര്‍ഡിന് പരിഗണിച്ചിരുന്നു.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പിന്റെ ദേശീയ ഓഫീസായ ഭോപ്പാലിലെ പണ്ഡിറ്റ് സുന്ദര്‍ലാല്‍ ശര്‍മ്മ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൊക്കേഷണല്‍ എഡ്യൂക്കേഷണില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി.അശോക്കുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മാതൃഭൂമി സീഡിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.