അമ്പലപ്പുഴ: ആഴ്ചയിലൊരിക്കല്‍ അവര്‍ വീടുകളില്‍നിന്നും ഒരുപിടി അരികൊണ്ടുവന്ന് കൂട്ടിവച്ച അരി അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട 75 കൂട്ടുകാര്‍ക്ക് വിതരണംചെയ്തു. നീര്‍ക്കുന്നം എസ്.ഡി.വി. സര്‍ക്കാര്‍ യു.പി.സ്കൂളിലെ കുട്ടികളുടെ കൂട്ടായ്മയായ "തണല്‍' ഒരുക്കുന്ന നന്മയുടെ പ്രകാശം നാടാകെ പരക്കുകയാണ്. മാതൃഭൂമി വിദ്യ- വി.കെ.സി. ജൂനിയര്‍ നന്മ പദ്ധതിയുടെ സഹകരണത്തോടെയായിരുന്നു അരിവിതരണം. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലെ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട സ്കൂള്‍- കോളേജ് വിദ്യാര്‍ഥികളെ സഹായിക്കാനാണ് തണല്‍ "സ്‌നേഹപൂര്‍വം ഒരുപിടി അരി' പദ്ധതി തുടങ്ങിയത്. ഇതു പ്രകാരം എല്ലാ ബുധനാഴ്ചയും കുട്ടികളില്‍നിന്ന് ഒരു പിടി അരി സമാഹരിക്കും. ഇത് കൂട്ടിവച്ച് എല്ലാ മാസവും കൂട്ടുകാര്‍ക്ക് 10 കിലോ വീതം നല്‍കും. കൂടപ്പിറപ്പിന് അരി സമാഹരിക്കുന്നതും ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നതും വിദ്യാഭ്യാസ പ്രവര്‍ത്തനം തന്നെയാണെന്ന തിരിച്ചറിവാണ് കുട്ടികള്‍ പങ്കുവയ്ക്കുന്നത്. പുതുതലമുറയില്‍ അന്യംനിന്നുപോകുന്ന നന്മ വീണ്ടെടുക്കാനുള്ള എളിയ ശ്രമമാണിതിനു പിന്നിലെന്നും അവര്‍ പറയുന്നു. ആരും സഹായിക്കാനില്ലാത്ത, ഭര്‍ത്താവ് മരിച്ച അഞ്ചു സ്ത്രീകള്‍ക്കും കുട്ടികള്‍ അരി നല്‍കുന്നുണ്ട്. അരിവിതരണം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിശ്വമ്മ വിജയന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജി.രാജേഷ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി പരസ്യം മാനേജര്‍ ഡി.ഹരി, മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് അമൃതാ സെബാസ്റ്റ്യന്‍, ടി.വിജയമ്മ, എസ്. സുരേഷ്കുമാര്‍, ലേഖ എന്നിവര്‍ പ്രസംഗിച്ചു. പ്രഥമാധ്യാപകന്‍ യു.ആദംകുട്ടി സ്വാഗതവും തണല്‍ കണ്‍വീനര്‍ ആര്‍. സാന്ദ്ര നന്ദിയും പറഞ്ഞു.