അമ്പലപ്പുഴ: കടലാമകളെ സംരക്ഷിക്കണമെന്നതിന്റെ ആവശ്യകത പുതുതലമുറയെ ബോധ്യപ്പെടുത്താന്‍ തോട്ടപ്പള്ളി നാലുചിറ സര്‍ക്കാര്‍ ഹൈസ്കൂളില്‍ കേരള വനം വന്യജീവി വകുപ്പ്,ആലപ്പുഴ സാമൂഹ്യവനവത്കരണ വിഭാഗം കടലാമ സംരക്ഷണ സെമിനാര്‍ നടത്തി.
മാതൃഭൂമി സീഡ്, മാതൃഭൂമി വിദ്യാ-വി.കെ.സി.ജൂനിയര്‍ നന്മ, കോട്ടയം നേച്ചര്‍ സൊസൈറ്റി, ഗ്രീന്‍ ട്രൂത്ത് എന്നിവയുടെ സഹകരണത്തോടെയാണ് കുട്ടികളെയും ഉള്‍പ്പെടുത്തി കടലാമകളെ സംരക്ഷിക്കുന്നതിനുള്ള ഉദ്യമത്തിന് തുടക്കം കുറിച്ചത്.
തോട്ടപ്പള്ളി കടലോരത്ത് അനുകൂല കാലാവസ്ഥകളില്‍ കടലാമകള്‍ കൂട്ടത്തോടെ മുട്ടയിടാനെത്തുന്ന പശ്ചാത്തലത്തിലാണ് പദ്ധതി. മുട്ടകള്‍ നശിച്ചുപോകാതിരിക്കാന്‍ 2008 മുതല്‍ പരിസ്ഥിതി സ്‌നേഹികള്‍ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്.
ഗ്രീന്‍ ടര്‍ട്ടില്‍ ഇനത്തില്‍പ്പെട്ട കടലാമകളാണ് ഇവിടെ മുട്ടയിടാനെത്തുന്നതെന്നും അവരുടെ നിരീക്ഷണത്തില്‍ കണ്ടെത്തി. തദ്ദേശീയര്‍ മുട്ടകള്‍ നശിപ്പിക്കാതിരിക്കാന്‍ ബോധവത്കരണം തുടങ്ങാനും പദ്ധതിയുണ്ട്.
സെമിനാറില്‍ ആലപ്പുഴ സാമൂഹ്യ വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്. ശ്രീകുമാര്‍, റേഞ്ച് ഓഫീസര്‍ കെ.പി. മാത്യു, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് വസന്തകുമാരി, സ്റ്റാഫ് സെക്രട്ടറി മധുകുമാര്‍, മാതൃഭൂമി സീഡ് ടീച്ചര്‍ കോ -ഓര്‍ഡിനേറ്റര്‍ അനിത, പരിസ്ഥിതി പ്രവര്‍ത്തകനായ ചിത്രാലയം സജി എന്നിവര്‍ പ്രസംഗിച്ചു.റിട്ട. ഡി.എഫ്.ഒ. ശിവദാസ്, സി.ജി.എച്ച്. ഗ്രൂപ്പ് സീനിയര്‍ നേച്ച്വറലിസ്റ്റ് പി.മനോജ്, മാതൃഭൂമി സീഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അമൃതാസെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു.
കടലോരത്തെ കടലാമ മുട്ടകള്‍ നശിപ്പിപ്പാതിരിക്കാന്‍ കുട്ടികള്‍ വീടുകളിലും പരിസരങ്ങളിലും പൊതുജനങ്ങളെ ബോധവത്കരിക്കാനിറങ്ങാനാണ് സെമിനാറില്‍ പൊതുവായി ഉണ്ടായ തീരുമാനം.