കയാക്കിങ് സംഘം മാലിന്യത്തിനെതിരെ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സെടുക്കുന്നു
മുതുകുളം: ജലാശയങ്ങളിലെ മലിനീകരണത്തിനെതിരെ പ്രചാരണവുമായി ഇൻഡക്സ് ഗൈഡ് ടീം നടത്തുന്ന ‘കയാക്കിങ് യാത്ര 2014’ന് ആറാട്ടുപുഴ മംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ആവേശകരമായ വരവേല്പ്. ‘മാതൃഭൂമി സീഡി’ന്റെയും പെലിക്കൺ ഫൗണ്ടേഷന്റെയും സഹകരണത്തോടെ കൊല്ലം- കോട്ടപ്പുറം ദേശീയ ജലപാത മൂന്നിൽ കൂടിയാണ് സംഘത്തിന്റെ യാത്ര. ബാംഗ്ലൂരിൽനിന്നുള്ള പ്രൊഫഷണലുകളായ വിപിൻ രവീന്ദ്രനാഥ്, അനീസ് മഠത്തിൽ, മുരുകൻ കൃഷ്ണൻ എന്നിവരാണ് സംഘത്തിലുള്ളത്.
തിങ്കളാഴ്ച കൊല്ലം ബോട്ട് ജെട്ടിയിൽ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. 20ന് കോട്ടപ്പുറത്ത് സമാപിക്കും.
ജലാശയങ്ങളെ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുകയാണ് ഈ സാഹസിക യാത്രയുടെ ലക്ഷ്യം. സ്കൂളിലെത്തിയ സംഘാംഗങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയാകുന്ന രാസവസ്തുക്കൾ, ഖനലോഹങ്ങൾ എന്നിവയെക്കുറിച്ചും ജലാശയങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും രസകരമായ രീതിയിൽ ക്ലാസ്സെടുത്തു. പെലിക്കൺ ഫൗണ്ടേഷൻ ട്രസ്റ്റി ഡോ.സി.എൻ.മനോജും ഖനലോഹങ്ങളുണ്ടാക്കുന്ന മലിനീകരണം വിശദീകരിച്ചു.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തിലോത്തമ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ബിമൽ റോയി അധ്യക്ഷനായി.
മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ സി.സുരേഷ്കുമാർ, പരസ്യം മാനേജർ ഡി.ഹരി, സീഡ് ജില്ലാ എക്സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യൻ, അധ്യാപകരായ സത്യൻ, ഹബീബ് റഹ്മാൻ, കയാക്കിങ് സംഘാംഗങ്ങളായ വിപിൻ രവീന്ദ്രനാഥ്, മുരുകൻ കൃഷ്ണൻ, അനീസ് മഠത്തിൽ, പഞ്ചായത്തംഗം ഗീത സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ എൻ.വേണുഗോപാൽ സ്വാഗതവും കുട്ടികളുടെ പ്രതിനിധി ആതിര നന്ദിയും പറഞ്ഞു.
യാത്രയുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ ഖനലോഹ മാലിന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റർ മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ്കുമാർ ഹെഡ്മാസ്റ്റർ എൻ.വേണുഗോപാലിന് നൽകി.