കയാക്കിങ് യാത്ര കരുമാടിയിലെത്തി

Posted By : Seed SPOC, Alappuzha On 25th January 2014


 
അമ്പലപ്പുഴ: ജലാശയങ്ങളിലെ മലിനീകരണത്തിനെതിരെ പ്രചാരണവുമായി ഇന്‍ഡക്‌സ് ഗൈഡ് ടീം നടത്തുന്ന "കയാക്കിങ് യാത്ര- 2014' കരുമാടിയിലെത്തി. യാത്രയുടെ നാലാം ദിവസം തോട്ടപ്പള്ളി നാലുചിറ സര്‍ക്കാര്‍ ഹൈസ്കൂളില്‍ കുട്ടികളുമായി സംവദിച്ച സംഘം രാത്രി ചരിത്രപ്രാധാന്യമേറിയ കരുമാടിക്കുട്ടന്‍ സ്മാരക പരിസരത്ത് നാട്ടുകൂട്ടം പരിപാടിയിലും പങ്കെടുത്തു. 
"മാതൃഭൂമി സീഡി'ന്റെയും "പെലിക്കണ്‍ ഫൗണ്ടേഷ'ന്റെയും സഹകരണത്തോടെ കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത-3 ല്‍ കൂടിയാണ് സംഘത്തിന്റെ യാത്ര. ബാംഗ്ലൂരില്‍നിന്നുള്ള പ്രൊഫഷണലുകളായ വിപിന്‍ രവീന്ദ്രനാഥ്, അനീസ് മഠത്തില്‍, മുരുകന്‍ കൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുള്ളത്. 
ജലാശയങ്ങളെ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം. കേരളത്തിലെ മുഴുവന്‍ നദികളിലെയും ജലവും മാലിന്യവും വന്നടിയുന്നത് തെക്കുവടക്ക് ഒഴുകുന്ന ദേശീയ ജലപാതയിലാണ്. ലക്ഷക്കണക്കിനാളുകളാണ് ഇതിന്റെ ഇരുകരകളിലും പരിസരങ്ങളിലുമായി ജീവിക്കുന്നത്. സി.എഫ്.എല്‍. വിളക്കുകളിലൂടെയും മറ്റും ഉണ്ടാകുന്ന മെര്‍ക്കുറി, ലെഡ്, കാഡ്മിയം തുടങ്ങിയ ഘനമാലിന്യങ്ങള്‍ ജലത്തിലൂടെ ഭക്ഷ്യവസ്തുക്കളിലും എത്തുന്നു. ഇവ ശരീരത്ത് പ്രവേശിച്ചാല്‍ മാരകരോഗങ്ങള്‍ക്കിടയാക്കും. ഇങ്ങനെയൊരു ദുരന്തം മുന്നില്‍ക്കണ്ടാണ് "മാതൃഭൂമി' സീഡും "പെലിക്കണ്‍ ഫൗണ്ടേഷ'നും പ്രചാരണയാത്രയ്ക്ക് തുടക്കമിട്ടത്. 
പുലര്‍ച്ചെ അഞ്ചിന് ആറാട്ടുപുഴയില്‍ വെട്ടത്തുകടവില്‍നിന്നാണ് സംഘത്തിന്റെ വ്യാഴാഴ്ചത്തെ യാത്ര തുടങ്ങിയത്. കായലില്‍ പലയിടത്തും ദേശീയ ജലപാതയുടെ സൂചനാവിളക്കുകള്‍ തെളിയാതിരുന്നത് സംഘത്തെ വലച്ചു. ഉച്ചയോടെയാണ് തോട്ടപ്പള്ളിയിലെത്തിയത്.
 തോട്ടപ്പള്ളിത്തീരത്ത് മുട്ടയിടുന്ന കടലാമയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു നാലുചിറ സര്‍ക്കാര്‍ ഹൈസ്കൂളിലെ കുട്ടികളുമായി പങ്കുവച്ച മുഖ്യവിഷയം. കടലാമ സംരക്ഷണത്തിന് വീട്ടുകാരെയും അയല്‍ക്കാരെയും ബോധവത്കരിക്കാനിറങ്ങുമെന്ന് കുട്ടികള്‍ ആവേശത്തോടെ പ്രതികരിച്ചു. സംഘാംഗമായ മുരുകന്‍ കൃഷ്ണന്‍ ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിവരിച്ചപ്പോള്‍ വിപിന്‍ രവീന്ദ്രനാഥ് ലോഹ മാലിന്യത്തിന്റെ പ്രശ്‌നങ്ങള്‍ കഥയിലൂടെ വിവരിച്ചു. പ്രഥാമാധ്യാപിക എ.ജെ. മേരി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി മധുകുമാര്‍, സീനിയര്‍ അസിസ്റ്റന്റ് ഷാജഹാന്‍, എസ്.എം.സി. പ്രസിഡന്റ് മോനിച്ചന്‍ ജോസഫ്, സീഡ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ അനിത, സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍, ഗ്രീന്‍ ട്രൂത്ത് പ്രവര്‍ത്തകര്‍ ചിത്രാലയം സജി തുടങ്ങിയവര്‍ പങ്കെടുത്തു. 
 രാത്രി കരുമാടിക്കുട്ടന്‍ സ്മാരക പരിസരത്ത് നടന്ന നാട്ടുകൂട്ടം പരിപാടിയില്‍ ജനപ്രതിനിധികളുടെയും വിവിധ സംഘടനാ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും പങ്കാളിത്തം ശ്രദ്ധേയമായി. പ്ലാസ്റ്റിക്കിനൊപ്പം വീടുകളില്‍നിന്നുള്ള മാലിന്യങ്ങളും ജലാശയങ്ങളിലേക്ക് ഇടുന്നതിനെതിരെയായിരുന്നു പ്രധാനമായും ചര്‍ച്ചചെയ്തത്. യാത്രയില്‍ ജലാശയങ്ങളില്‍ കണ്ട ഞെട്ടിപ്പിക്കുന്ന സംഗതികള്‍ സംഘാംഗങ്ങള്‍ വിവരിച്ചു. 
 കരുമാടിക്കുട്ടന്‍ സ്മാരക വികസന സമിതിക്കൊപ്പം തകഴി വികസന സമിതി, കരുമാടിക്കുട്ടന്‍ കലാ സാംസ്കാരിക സംഘടന, ഭജനമഠം, ജയകേരള ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് തുടങ്ങിയ സംഘടനകളാണ് പരിപാടിയുമായി സഹകരിച്ചത്. ജില്ലാ പഞ്ചായത്തംഗം ബിന്ദു ബൈജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സാബു, കരുമാടി മോഹനന്‍, പുന്നശ്ശേരി മുളരി, ഷാജി കരുമാടി, ആര്‍. ശ്രീകുമാര്‍, എ. മുജീബ് റഹ്മാന്‍, ടി.സുരേഷ്, ബൈജു നാറാണത്ത്, എസ്. ശശിധരന്‍ പിള്ള, ഹരീഷ് തെക്കേഴം, ജി.ജിനേഷ്, എല്‍.സുലേഖ, ബിനു ധര്‍മ്മഗിരി, കുഞ്ചുപിള്ള, എന്‍.മുരളി, എന്‍.എസ്. ഷിബുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
പെലിക്കണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. സി.എന്‍. മനോജ്, സംഘാംഗങ്ങളായ വിപിന്‍ രവീന്ദ്രനാഥ്, അനീസ് മഠത്തില്‍, മുരുകന്‍ കൃഷ്ണന്‍, സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. 
 തിങ്കളാഴ്ച കൊല്ലം ബോട്ട് ജെട്ടിയില്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര 20ന് കോട്ടപ്പുറത്ത് സമാപിക്കും.