കയാക്കിങ് യാത്ര 2014: ദേശീയ ജലപാതയില്‍ സാഹസിക തുഴച്ചിലിനായി മൂവര്‍സംഘം

Posted By : Seed SPOC, Alappuzha On 9th January 2014


ആലപ്പുഴ: മലഞ്ചരക്കുകളും കയറുത്പന്നങ്ങളുമായി പോയ കെട്ടുവള്ളങ്ങള്‍ കായലിലുണ്ടാക്കിയ ഓളങ്ങള്‍ പഴമക്കാരുടെ മനസ്സിലുണ്ട്. ചരക്കുകളുമായി വഞ്ചികള്‍ കരയ്ക്ക് അടുക്കുമ്പോഴത്തെ തിരക്കും ആള്‍ക്കൂട്ടവും അവരുടെ ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്നു. എന്നാല്‍, കാലാന്തരത്തില്‍ റോഡ് വന്നപ്പോള്‍ ജലമാര്‍ഗമുള്ള ഗതാഗതത്തിന്റെ സുവര്‍ണ്ണകാലം അസ്തമിച്ചു. 
കെട്ടുവള്ളങ്ങള്‍ ഹൗസ് ബോട്ടുകളായി. ഈ നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മകള്‍ക്കുള്ള ആദരവായി ബാംഗ്ലൂരില്‍നിന്നുള്ള മലയാളികളായ മൂന്ന് പ്രൊഫഷണലുകള്‍ സാഹസിക തുഴച്ചലിന് ഒരുങ്ങുകയാണ്. കൊല്ലം-കോട്ടപ്പുറം ദേശീയജലപാത മൂന്നില്‍ കയാക്കിങ് ബോട്ടിലാണ് ഇവരുടെ യാത്ര . ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ വിപിന്‍ രവീന്ദ്രനാഥ്, മുരുകന്‍ കൃഷ്ണന്‍, അനീസ് മഠത്തില്‍ എന്നിവരാണ് യാത്രയ്ക്കായി ഒരുങ്ങുന്നത്. എട്ടുദിവസംകൊണ്ട് 200 കിലോമീറ്റര്‍ വരുന്ന ജലപാതയിലൂടെ തുഴയുകയാണ് ലക്ഷ്യം. ഈ മാസം 13ന് കൊല്ലത്ത് നിന്ന് യാത്ര തിരിച്ച് 20ന് കോട്ടപ്പുറത്ത് അവസാനിക്കും. ജലമാര്‍ഗമുള്ള ഗതാഗതത്തിന് പ്രാധാന്യം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ് "കയാക്കിങ് യാത്ര 2014' എന്ന് പേരിട്ടിരിക്കുന്ന ഈ ഉദ്യമത്തിന്റെ ലക്ഷ്യം. കൂടാതെ ഇ- വെയ്സ്റ്റുകളില്‍ നിന്നും മറ്റ് മാലിന്യങ്ങളില്‍ നിന്നും ജലാശയങ്ങളെ സംരക്ഷിക്കുന്നതിനും അവ പ്രകൃതിയുടെ വരദാനമാണെന്ന സന്ദേശംകൂടി ആളുകളില്‍ എത്തിക്കാനും യാത്രയില്‍ അവര്‍ ആഗ്രഹിക്കുന്നു. യാത്രക്കിടയില്‍ ജലപാതയുടെ സമീപത്തെ വിദ്യാലയങ്ങള്‍ സംഘം സന്ദര്‍ശിക്കും. അവിടെ കുട്ടികളുമായി ജലാശയ സംരക്ഷണവുമായി ബന്ധപ്പെട്ട് സംവാദങ്ങള്‍ നടത്താനും പദ്ധതിയുണ്ട്. രാത്രി തങ്ങുന്നയിടങ്ങളിലെ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളുമായി അവിടത്തെ ജലാശയങ്ങളിലെ പ്രശ്‌നങ്ങള്‍, അവയ്ക്കുള്ള പ്രതിവിധികള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യാനും പരിപാടിയുണ്ട്. രാവിലെ 5.30 മുതല്‍ 10.30 വരെയും വൈകിട്ട് 3.30 മുതല്‍ 6 വരെയുമാണ് തുഴയുന്നത്.
പത്തടിയില്‍ കൂടുതല്‍ നീളമുള്ള ടൂറിങ് കയാക്കിങ് ബോട്ടുകളാണ് സംഘം യാത്രയ്ക്ക് ഉപയോഗിക്കുന്നത്. മൂന്നുപേരും മൂന്ന് ബോട്ടുകളിലായിരിക്കും. അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള പ്രത്യേക അറകളും കാലുകൊണ്ട് ചവിട്ടി ദിശമാറ്റാനുള്ള സംവിധാനവും ഇറക്കുമതി ചെയ്ത ഈ ബോട്ടുകളിലുണ്ട്. ബാംഗ്ലൂരില്‍ കണ്‍സള്‍ട്ടന്റ് കോച്ചും കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ട്രെയിനറുമായ വിപിന്‍ രവീന്ദ്രനാഥ് (42) ചങ്ങനാശ്ശേരി സ്വദേശിയാണ്. സാഹസികത ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന് 2005 മുതല്‍ വേമ്പനാട്ട് കായലില്‍ ഉള്‍പ്പെടെ വിവിധ ജലാശയങ്ങളില്‍ തുഴഞ്ഞ അനുഭവസമ്പത്തുണ്ട്. ഈ യാത്രക്കിടയില്‍ വഴികാട്ടികളായത് ചരക്കുതോണിക്കാരായിരുന്നു. അവര്‍ക്കുള്ള ആദരവായിട്ടാണ് ഇത്തരമൊരു യാത്രയെക്കുറിച്ച് ആലോചിച്ചത്. തുടര്‍ന്നാണ്തന്റെ സുഹൃത്തുക്കളായ മുരുകനെയും അനീസിനെയും കൂട്ടി ദേശീയജലപാതയിലൂടെ സാഹസികയാത്രയ്ക്ക് പദ്ധതിയിട്ടത്. അമേരിക്കയിലെ താമസത്തിനിടയില്‍ വിപിന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സും നേടിയിരുന്നു. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ മുരുകന്‍ കൃഷ്ണന്‍ (47) ഐ.ബി.എമ്മില്‍ ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍ സ്വദേശിയായ അനീസ് മഠത്തില്‍ (30) വെബ്ഡിസൈനറാണ്. ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നതിലൂടെ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകളെ ഈ ജലപാതയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസമാണ് ഇവര്‍ക്കുള്ളത്.