ആലപ്പുഴ: സ്വയം വളര്‍ന്നു വികസിച്ച നാടകത്തിന്റെ നിഷ്കളങ്കതയാണ് "ഒരേ ഒരു തണല്‍'- കുട്ടികള്‍ തന്നെ രൂപപ്പെടുത്തിയ കുട്ടികളുടെ നാടകം. മാവേലിക്കര കണ്ണമംഗലം യു.പി.സ്കൂള്‍ കൂട്ടായ്മയുടെ മധുരം പകര്‍ന്നാണ് ഒന്നാമതെത്തിയത്. ആലപ്പുഴ കനാല്‍ക്കരയിലെയും നൂറനാട്ടെയും മരങ്ങള്‍ വെട്ടുന്നതിനെതിരെയുള്ള ചെറുത്തുനില്പ് "മാതൃഭൂമി'യിലൂടെ അറിഞ്ഞതും നാടകത്തിന് ബീജമായി മാറി. കണ്ണമംഗലത്തിന് ഇത് രണ്ടാംതവണയാണ് ഒന്നാം സ്ഥാനം. സ്കൂളില്‍ ഒരു നാടക ക്ലബ്ബുണ്ട്. മാവേലിക്കര ഭാവലയ ആര്‍ട്‌സിലെ പ്രമുഖ നടന്മാരായ അമല്‍രാജ് ദേവിന്റെയും രാജേഷ് ശര്‍മ്മയുടെയും ശിക്ഷണം ഇവര്‍ക്ക് ലഭിച്ചു.
അടച്ചുപൂട്ടലിന്റെ വക്കില്‍ അതിജീവനത്തിനൊരുങ്ങുന്ന സ്കൂളിന് ഈ കലാകാരന്മാര്‍ സൗജന്യമായിത്തന്നെ ക്ലാസ്സുകള്‍ നല്‍കി. ഇതിനെത്തുടര്‍ന്ന് നാടകം എന്താണെന്ന് കുട്ടികള്‍ ചര്‍ച്ചചെയ്തു. സംഭാഷണം, ഗാനം എന്നിവ ചിട്ടപ്പെടുത്തി. പറഞ്ഞാല്‍ പോര ചെയ്തു കാണിക്കണം. നാടകത്തിലെ ഡയലോഗ് ആണ് കുട്ടികളുടെ പ്രവര്‍ത്തനത്തിന് പ്രമാണം. കാക്കക്കാലിന്റെ തണല്‍പോലുമില്ലാത്ത സ്കൂള്‍ മൈതാനത്ത് കൂട്ടുകാരന്‍ തളര്‍ന്നുവീണപ്പോള്‍ തണല്‍ എന്തെന്നു പഠിച്ചു. സ്കൂള്‍ മുറ്റത്തെ ഉണക്കമരം പച്ചപ്പുള്ളതാകുമ്പോഴാണ് നാടകം തീരുന്നത്. അതിനിടയില്‍ മരംവെട്ടുകാരന്റെ വരവും പ്രതികാരവുമെല്ലാം ഇതിവൃത്തം ഗംഭീരമാക്കി. ഒരു ഞരമ്പ് ഇപ്പോഴും പച്ചയായുണ്ടെന്ന് ഒരില തന്റെ ചില്ലയോടോതുന്ന ഗീതവും ഒത്തിണങ്ങിയപ്പോള്‍ നാടകം പൂര്‍ണമായി.
മിഥന്‍ എസ്.കുമാര്‍, ഗൗതം കൃഷ്ണന്‍, വിക്ഷിത്ത്, അഭിഷേക്, അര്‍ച്ചനാ ദേവി, അഖില, ദേവപ്രസാദ്, ശ്രീലക്ഷ്മി, വിദ്യാദാസ്, വിഷ്ണു എന്നിവരായിരുന്നു അഭിനേതാക്കള്‍. നാടകം പഠിച്ചതിലൂടെ കുട്ടികളില്‍ ആത്മവിശ്വാസവും സംഘബോധവും കൂടിയിരിക്കുകയാണെന്ന് അധ്യാപിക ആശ സുജിത്ത് പറഞ്ഞു. യു.പി.വിഭാഗത്തില്‍ അവതരിപ്പിച്ച ആറ് നാടകങ്ങളും കുട്ടിത്തത്തിന്റെകൂടി അവതരണമായിരുന്നു. കുഞ്ഞാറ്റ, ഭൂമിയുടെ അവകാശികള്‍, ചിറകൊടിഞ്ഞ കിനാക്കള്‍ എന്നീ നാടങ്ങളെല്ലാം വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശത്തിന് വിധേയമായി. മാതൃഭൂമി സീഡ് പ്രവര്‍ത്തനം കണ്ണമംഗലം സ്കൂളില്‍ നടക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളുള്ള പ്രദേശത്തെല്ലാം ഈ നാടകം അവതരിപ്പിക്കും. ഇതിനകം ചവറയില്‍ നാടകത്തിന് ബുക്കിങ് ലഭിച്ചതായും അധ്യാപകര്‍ അറിയിച്ചു.