കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍

Posted By : klmadmin On 8th January 2014


 അപ്രത്യക്ഷമാകുന്ന കണ്ടല്‍ക്കാടുകള്‍ എന്ന പഠനറിപ്പോര്‍ട്ടിലൂടെ അഞ്ചാലുംമൂട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബിലെ വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായ ഒരിടപെടലാണ് നടത്തിയിരിക്കുന്നത്. കണ്ടല്‍ക്കാടുകളുടെ വിസ്തൃതി, അവയെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധം, കണ്ടല്‍ നശിപ്പിക്കപ്പെടുന്നുണ്ടോ? നശിപ്പിക്കാന്‍ കാരണമെന്ത്? കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങള്‍ക്കാണ് വിദ്യാര്‍ഥികള്‍ ഉത്തരം തേടിയത്.
ചോദ്യാവലി, അഭിമുഖം, മുന്നറിവ് ശേഖരണം എന്നിവയിലൂടെ വസ്തുതാപഠനം നടത്തി നിഗമനങ്ങളിലെത്തി. അഷ്ടമുടി കായല്‍ത്തീരത്തുള്ള നീരാവില്‍, പ്രാക്കുളം, കുരീപ്പുഴ ഭാഗങ്ങളായിരുന്നു പഠനമേഖല.
പ്രകൃതിസ്‌നേഹികളുടെ മനസ്സില്‍ ആശങ്ക വിതയ്ക്കുന്ന സത്യങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അഷ്ടമുടിക്കായലിന്റെ തീരപ്രദേശങ്ങളിലെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കപ്പെടുന്നില്ല.
കണ്ടല്‍ച്ചെടികളുടെ പ്രാധാന്യത്തെക്കുറിച്ചോ ജൈവവ്യവസ്ഥയില്‍ അവ നിര്‍വഹിക്കുന്ന ധര്‍മ്മങ്ങളെക്കുറിച്ചോ ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര അവബോധമില്ല. ഈ ചെടികള്‍ക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല എന്ന ധാരണയാണ് ഇവയെ നശിപ്പിക്കുന്നതിന്റെ പ്രധാന കാരണം. ഇവയില്‍ ഭൂരിഭാഗവും സ്വകാര്യവ്യക്തികളുടെ കൈവശവുമാണ്.
മണല്‍ഖനനവും കായല്‍ഭിത്തി നിര്‍മ്മാണവും കണ്ടലുകളുടെ നിലനില്‍പ്പിന് ഭീഷണിയാവുന്നു. ബോട്ട് നിര്‍മ്മാണത്തിനും തൊണ്ട് അഴുകാനുള്ള മാലി നിര്‍മ്മാണത്തിനും വിറകിനും കാലിത്തീറ്റയ്ക്കും കണ്ടലുകള്‍ വെട്ടിമാറ്റുന്നുണ്ട്. പാമ്പുകള്‍പോലുള്ള ഇഴജന്തുക്കള്‍ ഉള്ളതിനാലും കണ്ടല്‍ക്കാട് കരയിലേക്ക് വ്യാപിക്കുന്നതിനാലും സമീപവാസികള്‍ കണ്ടലുകള്‍ മുറിച്ചുമാറ്റുന്നു.
ആകെ ശേഖരിച്ച 34 സര്‍വ്വേ റിപ്പോര്‍ട്ടില്‍ 22 പേര്‍ ഇതിലേതെങ്കിലും കാരണത്താല്‍ കണ്ടല്‍ നശിപ്പിക്കുന്നവരാണ്. പഠനത്തില്‍ മാത്രമൊതുങ്ങുന്നതല്ല ഇവരുടെ പരിസ്ഥിതി സ്‌നേഹം. കണ്ടല്‍ച്ചെടികള്‍ സംരക്ഷിക്കുന്നതിന് ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. പത്താംതരം വിദ്യാര്‍ഥിനികളായ ആവണി പി.റോയിയും എ.റസാനത്തുമാണ് നേതൃത്വം നല്‍കിയത്. ഫിസിക്കല്‍ സയന്‍സ് അധ്യാപിക ജി.രശ്മിമോള്‍ ആയിരുന്നു പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍. സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ ബി. പഠനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതുകൊണ്ടുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും ഈ പഠനത്തില്‍ അന്വേഷിച്ചിട്ടുണ്ട്. സര്‍വേയില്‍ പങ്കെടുത്ത അറുപതുശതമാനം കുടുംബങ്ങളും ശുദ്ധജലക്ഷാമം നേരിടുന്നുണ്ട്. കായലില്‍ മത്സ്യസമ്പത്ത് കുറയുന്നതായും മത്സ്യങ്ങള്‍ക്ക് രുചിവ്യത്യാസം വരുന്നതായും ആളുകള്‍ സൂചിപ്പിച്ചു. പ്രദേശത്ത് ദേശാടനക്കിളികള്‍ കുറയുന്നതായും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും സൂചനയുണ്ട്.

കണ്ടല്‍ച്ചെടികള്‍
സംരക്ഷിക്കുന്നതിന്
വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച
നിര്‍ദ്ദേശങ്ങള്‍

  • കണ്ടല്‍ക്കാടുള്ള പ്രദേശങ്ങളെ വനസംരക്ഷണനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക.
  • നിലവിലുള്ള തീരദേശസംരക്ഷണനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക.
  • കണ്ടല്‍ക്കാടുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഹൈസ്‌കൂള്‍തലം മുതല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
  • കണ്ടല്‍ക്കാടുകളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് തടയുക.

  • കണ്ടല്‍ക്കാടുകളുടെ ഉടമസ്ഥരെ സാമ്പത്തികസഹായം നല്‍കി പ്രോത്സാഹിപ്പിക്കുക.