അഭിജിത്ത് എ.നായരെ സീഡ് ക്ലബ് അനുമോദിച്ചു

Posted By : Seed SPOC, Alappuzha On 7th January 2014


 

 
 
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ മികച്ച കുട്ടിക്കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട അഭിജിത്ത് എ.നായരെ സ്കൂളിലെ "മാതൃഭൂമി' തളിര് സീഡ് നേച്ചര്‍ ക്ലബ് ആദരിച്ചു. ചുനക്കര ജനാര്‍ദനന്‍ നായര്‍ അഭിജിത്തിന് ട്രോഫി സമ്മാനിച്ചു. 2014 അന്തര്‍ദേശീയ കുടുംബകൃഷി വര്‍ഷമായി ആചരിക്കുന്ന വേളയില്‍ കുട്ടിക്കര്‍ഷകനെ കണ്ടെത്തി സമ്മാനം നല്‍കിയത് അഭിമാനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. ശ്രീദേവിയമ്മ, പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി. ശശിധര്‍ നായര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍, എം. മാലിനി, ആര്‍. രാധാകൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂള്‍വളപ്പില്‍ നടത്തുന്ന പച്ചക്കറിക്കൃഷിയും ഔഷധത്തോട്ട പരിപാലനവും കുട്ടികളുടെ വീടുകളില്‍ പ്രാവര്‍ത്തികമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. വീടുകളില്‍ എത്തി പരിശോധന നടത്തിയാണ് ഏഴാംക്ലാസ്സ് വിദ്യാര്‍ഥി അഭിജിത്തിനെ മികച്ച കുട്ടിക്കര്‍ഷകനായി തിരഞ്ഞെടുത്തത്. 18ഓളം പച്ചക്കറി ഇനങ്ങളും 62 ഇനം ഔഷധച്ചെടികളുമാണ് അഭിജിത്ത് മുത്തശ്ശിയുടെ സഹായത്തോടെ നട്ടുപരിപാലിക്കുന്നത്. ഓരോ ഔഷധച്ചെടിയുടെ പേരും ഗുണങ്ങളും അഭിജിത്തിന് കാണാപ്പാഠമാണ്.