പരിസ്ഥിതിക്കെതിരെയുള്ള കടന്നുകയറ്റം തടയുന്നതില്‍ ജില്ല എന്നും പരാജയപ്പെട്ടിട്ടേയുള്ളൂ. പക്ഷേ, പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ആലപ്പുഴയിലെ കനാല്‍ക്കരയിലെ മരങ്ങള്‍ വെട്ടിമാറ്റാനുള്ള തീരുമാനത്തില്‍നിന്ന് അധികൃതര്‍ പിന്‍മാറിയത് ജില്ലയ്ക്ക് പ്രതീക്ഷയുടെ പച്ചപ്പ് നല്‍കി. 183 മരങ്ങള്‍ മുറിച്ച് നൂറുകണക്കിന് പക്ഷികളുടെ ആവാസവ്യവസ്ഥ തകിടംമറിക്കാനുള്ള നീക്കമാണ് എതിര്‍പ്പിനെത്തുടര്‍ന്ന് തടസ്സപ്പെട്ടത്.
ഒടുവില്‍ കനാലിലേക്ക് വീണുകിടക്കുന്ന 97 മരങ്ങള്‍മാത്രം മുറിക്കാന്‍ തീരുമാനമെടുക്കേണ്ടി വന്നു.
പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്തില്‍ കായല്‍ കൈയേറി നിര്‍മിച്ച റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ കേസില്‍ സുപ്രീം കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, പിന്നീട് തുടര്‍നടപടികളുണ്ടാകാത്തത് പരിസ്ഥിതി സ്‌നേഹികളില്‍ എതിര്‍പ്പുയര്‍ത്തി.