കലവൂര്‍: പരിസ്ഥിതി സംരക്ഷണത്തിന് ആവേശവുമായി വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നാട്ടുകാരും സഹായവുമായി എത്തി.
പൊള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്കൂളിലെ "മാതൃഭൂമി സീഡ്' ക്ലബ്ബിലെ കുട്ടികളാണ് തീരസംരക്ഷണത്തിന് പൊള്ളേത്തൈ കടല്‍ത്തീരത്ത് കണ്ടല്‍ച്ചെടികള്‍ നട്ടത്. മാതൃഭൂമി സീഡ് ക്ലബ്ബും സാമൂഹ്യ വനവത്കരണ വിഭാഗവും ചേര്‍ന്നാണ് കണ്ടല്‍ പദ്ധതി നടത്തുന്നത്.
പൊള്ളേത്തൈ അറക്കപ്പൊഴിയുടെ മണല്‍ത്തിട്ടയില്‍ പൊള്ളേത്തൈ പള്ളി വികാരി ഫാദര്‍ തോബിയാസ് തെക്കേപ്പാലയ്ക്കല്‍ കണ്ടല്‍ച്ചെടികള്‍ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സാഗര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അംഗങ്ങളും കുട്ടികളെ സഹായിക്കാനായി എത്തിയിരുന്നു.
കണ്ടല്‍ച്ചെടികള്‍ മണ്ണൊലിപ്പ് തടയുകയും മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുകയും ജലശുദ്ധീകരണം നടത്തുകയും ചെയ്യുമെന്നുള്ള തിരിച്ചറിവാണ് കുട്ടികള്‍ക്ക് ഈ പദ്ധതിക്ക് പ്രചോദനമായത്. 500 ഓളം കണ്ടല്‍ച്ചെടികളാണ് കുട്ടികള്‍ തീരത്ത് നട്ടത്.
പഞ്ചായത്തംഗം കെ.ജെ.ജാക്‌സണ്‍, പി.ടി.എ.പ്രസിഡന്റ് സി.കെ.ഉദയപ്പന്‍, പ്രധാനാധ്യാപിക വി.ഷൈലജ, അധ്യാപകരായ കെ.ജെ.ആല്‍ബര്‍ട്ട്, അജിത, ബ്ലൂട്ടി എന്നിവരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.