സീഡ് ഇടപെട്ടു; ട്രാന്‍സ്‌ഫോര്‍മര്‍ സുരക്ഷിതമാക്കി

Posted By : ktmadmin On 4th January 2014


പ്രവിത്താനം: വിദ്യാലയാങ്കണത്തില്‍ ഒതുങ്ങിനില്‍ക്കേണ്ടതല്ല സീഡ് അംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായിരുന്നു പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹൈസ്‌കൂളിലെ ബേസാവ നേച്ചര്‍ ആന്‍ഡ് സീഡ് അംഗങ്ങളുടെ സാമൂഹിക ഇടപെടല്‍. ഉള്ളനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ സമീപത്തുള്ള ട്രാന്‍സ്‌ഫോമറില്‍ അപകടകരമായ നിലയില്‍ ഉണ്ടായിരുന്ന ഫ്യൂസ് കാരിയറുകള്‍ സുരക്ഷതമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ സീഡ് അംഗങ്ങള്‍ കെ.എസ്.ഇ.ബി. അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ട്രാന്‍സ്‌ഫോമറിന്റെ ചിത്രം സഹിതമാണ് പരാതി നല്‍കിയത്. നിവേദനം ലഭിച്ച അധികൃതര്‍ ഫ്യൂസ് കാരിയറിന് മൂടിസ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചു. വഴിയാത്രക്കാര്‍ക്കുവരെ അപകടമുണ്ടാക്കുംവിധം ഉണ്ടായിരുന്ന ഫ്യൂസുകള്‍ സുരക്ഷിതമാക്കുന്നതില്‍ പങ്കാളികളാകാന്‍ കഴിഞ്ഞത് സീഡ് അംഗങ്ങള്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ പ്രചോദനമായിട്ടുണ്ട്.