അടൂര്‍: ജലത്തെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി പോരാടാന്‍ ആഹ്വാനം നല്‍കിക്കൊണ്ട് പറക്കോട് പി.ജി.എം. ബോയ്‌സ് സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഭൂഗര്‍ഭ ജലത്തിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുന്ന വയല്‍നികത്തലും മണ്ണെടുപ്പും ഇന്ന് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വയലുകള്‍ നികത്തപ്പെട്ടതോടെ കിണറുകളിലും ജലം കുറയുകയാണ്. ഇത് നിയന്ത്രിക്കാന്‍ അധികൃതര്‍ താല്പര്യം കാട്ടാത്തതിന് എതിരെ ഗ്രാമപ്പഞ്ചായത്തില്‍ സീഡ് ക്ലബ്ബ് പരാതിനല്‍കും. ഒപ്പം മഴക്കുഴി നിര്‍മാണത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ഗൃഹസമ്പര്‍ക്കം നടത്തി ജനങ്ങളെ ബോധവത്കരിക്കാനും ലഘുലേഖകള്‍ വിതരണം ചെയ്യാനും സീഡ് പോലീസ് തീരുമാനിച്ചു.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സീഡ് പ്രവര്‍ത്തകര്‍ കോ-ഓര്‍ഡിനേറ്റര്‍ ജി. മനോജിന്റെ നേതൃത്വത്തില്‍ അറുകാലിക്കല്‍ കുളത്തിന്റെ കരയില്‍വച്ച് ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. മണ്ണും ജലവും ചൂഷണത്തിനായി വിട്ടുനല്‍കില്ലെന്നും അവയെ സംരക്ഷിക്കാന്‍ ആവശ്യമായെതെല്ലാം ചെയ്യുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പേരാടാനും സീഡ് ക്ലബ്ബ് തീരുമാനിച്ചു. സീഡ് ഭാരവാഹികളായ ഗിരീഷ്, കാര്‍ത്തിക്, ജിബിന്‍, സുജിത്ത് എന്നിവര്‍ നേതൃത്വംനല്‍കി.