കൂട്ടുകാര്‍ക്ക് കൈത്താങ്ങാകാന്‍ കരുണയുടെ തൂവല്‍സ്‌പര്‍ശം

Posted By : idkadmin On 16th December 2013



കട്ടപ്പന:കൂട്ടുകാര്‍ക്ക് കൈത്താങ്ങാകാന്‍ കുട്ടികളൊരുക്കിയ ക്രിസ്മസ് സന്ദേശകാര്‍ഡുകള്‍ കരുണയുടെ തൂവല്‍സ്​പര്‍ശമായി. നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലെ കുട്ടികളാണ് മാതാപിതാക്കളില്ലാത്തതും നിര്‍ധനരുമായ കൂട്ടുകാരെ സഹായിക്കാന്‍ ക്രിസ്മസ് കാര്‍ഡുകള്‍ തയ്യാറാക്കിയത്. ഓരോമാസവും നിശ്ചിത തുകനല്‍കി സഹായിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ചിത്രകലയില്‍ പ്രാവീണ്യമുള്ള 25കുട്ടികളുടെ രണ്ടാഴ്ചത്തെ പരിശ്രമഫലമായി മനോഹരങ്ങളായ 700 ഓളം ക്രിസ്മസ് സന്ദേശകാര്‍ഡുകളാണ് തയ്യാറാക്കിയത്.

വിരല്‍ത്തുമ്പിന്റെ വിരുതില്‍ വിവിധ വര്‍ണ്ണങ്ങളില്‍ സ്‌നേഹ സന്ദേശങ്ങള്‍ രൂപപ്പെടുത്തിയപ്പോള്‍ അത് സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശംകൂടിയായി മാറ്റിയെടുക്കാന്‍ കുരുന്നുകള്‍ മറന്നില്ല. ഇന്നലെകളുടെ നഷ്ടങ്ങളും നാളെയുടെ പ്രതീക്ഷകളും അതിര്‍വരമ്പില്ലാത്ത ആശയങ്ങള്‍ക്ക് നിറക്കൂട്ടായി.

അധ്യാപകരായ എം.ബി. ജയേഷ്, എസ്.എസ്. അനിത ശേഖര്‍,എസ്. സുമോദ്, കെ.കെ. സുരേഷ്, കെ.എസ്. അനുപമ, എസ്. ചന്ദ്രലേഖ, അനില രവീന്ദ്രന്‍ എന്നിവരുടെ ആശയങ്ങളും പ്രോത്സാഹനവും കുട്ടികള്‍ക്ക് പ്രചോദനമായി.

നിര്‍മ്മിച്ച ആശംസാകാര്‍ഡുകള്‍ പണമാക്കിമാറ്റാന്‍ പ്രത്യേക എക്‌സിബിഷനും വിപണനകേന്ദ്രവും ഒരുക്കിയും കുട്ടികള്‍ മാതൃകയായി. എല്‍.കെ.ജി. വിദ്യാര്‍ഥി ആദിത്യന്‍ രാജേഷ് കുമാറില്‍ നിന്ന് ആശംസാ കാര്‍ഡ്ഏറ്റുവാങ്ങി ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരി ആന്റണി എക്‌സിബിഷനും വിപണനകേന്ദ്രവും ഉദ്ഘാടനം ചെയ്തു.