വെട്ടിപ്പുഴത്തോട് മാലിന്യപ്പുഴ: റിന്‍സി മത്തായി സീഡ് റിപ്പോര്‍ട്ടര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കുള്‍ പുനലൂര്‍

Posted By : klmadmin On 15th December 2013


 പുനലൂര്‍: പട്ടണത്തില്‍ എം.എല്‍.എ. റോഡിനോടുചേര്‍ന്ന് ഒഴുകുന്ന വെട്ടിപ്പുഴത്തോടിന്റെ സ്ഥിതി പരമദയനീയം. സമീപത്തെ സ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍നിന്നും ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തോട്ടില്‍ നിറയുന്നു. മഴക്കാലത്തുപോലും വറ്റാത്ത ഈ നീര്‍ച്ചാല്‍ ഇന്ന് സമീപവാസികള്‍ക്ക് മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. 

ഭക്ഷണാവശിഷ്ടവും മറ്റും അഴുകി കടുത്ത ദുര്‍ഗന്ധം വമിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പുനലൂരിലും സമീപപ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ഉപയോഗിക്കുന്ന കല്ലടയാറ്റിലെ വെള്ളത്തിലാണ് ഈ മാലിന്യങ്ങളെല്ലാം ഒഴുകിയെത്തുന്നത്.
ഈ മലിനജലം കുടിച്ച് പലതരം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുമ്പോഴും നഗരസഭ ഈ പ്രശ്‌നത്തിനുനേരെ കണ്ണുതുറക്കുന്നില്ല. തോട് പുനരുദ്ധരിച്ചാല്‍ കല്ലടയാറ്റിലെ മാലിന്യത്തിന്റെ അളവ് ചെറിയതോതിലെങ്കിലും കുറയ്ക്കാന്‍ സാധിക്കും. വൃത്തിയായി സൂക്ഷിച്ചാല്‍, ജലത്തിന്റെ ലഭ്യത ധാരാളമുള്ള ഈ തോട് വേനല്‍ക്കാലത്ത് സമീപവാസികള്‍ക്ക് അനുഗ്രഹമാകും. ഇക്കാര്യത്തില്‍ അധികാരികളുടെ കണ്ണ് തുറക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.