പ്രകൃതിക്ക് കാവലായി സീഡ് അഞ്ചാം വര്‍ഷത്തില്‍ - മലപ്പുറം ജില്ലാതല ഉദ്ഘാടനം

Posted By : mlpadmin On 7th June 2013


 ചുമതലയേറ്റശേഷം കളക്ടറുടെ ആദ്യ പൊതുപരിപാടി കോട്ടയ്ക്കല്‍: ലോക പരിസ്ഥിതി ദിനത്തില്‍ പ്രകൃതിയമ്മയ്ക്ക് വന്ദനം ചൊല്ലി മാതൃഭൂമി സീഡ് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. പ്രകൃതിക്ക് കാവലായി കുട്ടികളുടെ കൂട്ടായ്മ എന്ന മഹത്തായ ആശയത്തിലൂന്നിയാണ് സീഡ് അഞ്ചാംവര്‍ഷത്തിലേക്ക് കടന്നത്. സീഡ് പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കോട്ടയ്ക്കല്‍ ഗവ. രാജാസ് സ്‌കൂളില്‍ കളക്ടര്‍ എം.കെ. ബിജു നിര്‍വഹിച്ചു. സ്‌കൂള്‍ മുറ്റത്ത് കളക്ടര്‍ തൈ നട്ടു. കളക്ടറായി ചുമതലയേറ്റശേഷം അദ്ദേഹത്തിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങാന്‍ കുട്ടികളുടെ സമൂഹം തയ്യാറാകണമെന്ന് കളക്ടര്‍ പറഞ്ഞു. അനിയന്ത്രിതമായ ചൂഷണംമൂലം പ്രകൃതി നാശത്തിന്റെ വക്കിലാണ്. പ്രകൃതിയുടെ താളം തെറ്റിയാല്‍ നമ്മുടെ ജീവനും അപകടത്തിലാണെന്ന് ഓര്‍ക്കണം. കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പരിപാടി കുട്ടികളോടൊത്ത് പ്രകൃതി സംരക്ഷണം തന്നെയായതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മലപ്പുറം ഡി.ഡി.ഇ കെ.സി. ഗോപി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. റസിയ, മലപ്പുറം സാമൂഹിക വനവത്കരണ വിഭാഗം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ഷാജി, രാജാസ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി. രവീന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് കോമുക്കുട്ടി, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍ സിറാജ് കാസിം, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. വിജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.