ആലപ്പുഴ: കനാല്‍ക്കരയില്‍ വെട്ടാന്‍ തീരുമാനിച്ചിരുന്ന മരങ്ങളുടെ പുനഃപരിശോധന ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ അധികൃതരും കനാല്‍ മരങ്ങളെ സംരക്ഷിക്കുന്നതിനായി രൂപവത്കരിച്ച ജനകീയ സമിതി അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തു.
കൊമേഴ്‌സ്യല്‍ കനാലിന്റെ ഒരുഭാഗത്തുള്ള മരങ്ങള്‍ സംഘം പരിശോധിച്ചു. ഉണങ്ങിയതും കനാലിലേക്ക് നിലംപൊത്തിയതുമായ മരങ്ങള്‍ മുറിച്ചുമാറ്റാനാണ് തീരുമാനം. പരിശോധന തിങ്കളാഴ്ച തുടരും.
കനാല്‍ക്കരയിലെ 183 മരങ്ങള്‍ വെട്ടിക്കളയാന്‍ അധികൃതര്‍ തീരുമാനിച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി.
പരിസ്ഥിതി സ്‌നേഹികളും വിദ്യാര്‍ഥികളും മരങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരത്തിലിറങ്ങിയതോടെ തീരുമാനം റദ്ദാക്കാന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജനകീയ സമിതിയംഗങ്ങളുമുള്‍പ്പെടുന്ന സംഘം വിദഗ്ധ പരിശോധന നടത്തി പത്ത് ദിവസത്തിനകം വെട്ടേണ്ട മരങ്ങളുടെ റിപ്പോര്‍ട്ട് നല്‍കാനും യോഗം നിര്‍ദേശിച്ചിരുന്നു.
വൃക്ഷങ്ങളുടെ എണ്ണമെടുക്കാന്‍
പരിശീലനം നല്‍കി
ആലപ്പുഴ: ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വൃക്ഷങ്ങളുടെ എണ്ണമെടുക്കുന്ന പരിപാടിക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി. മരങ്ങളെ ഇനംതിരിച്ച് എണ്ണമെടുക്കുന്നതിനുള്ള സാങ്കേതിക വശങ്ങള്‍ വാഴൂര്‍ എന്‍.എസ്.എസ്. കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകന്‍ ഡോ.ഉണ്ണിക്കൃഷ്ണന്‍, പരിസ്ഥിതി സംഘടനയായ എ ട്രീയിലെ അംഗം ജോബി പോള്‍ എന്നിവര്‍ വിവരിച്ചു. എസ്.ഡി.കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകന്‍ ജി.നാഗേന്ദ്രപ്രഭു അധ്യക്ഷനായി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ്.ശ്രീകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ എസ്.അനിത, ദീപക് ദയാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനകീയ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ശിവദാസ് സ്വാഗതവും സമിതിയംഗം അമൃത സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.