മാത്തില്‍: മാത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ഇക്കോ ക്ലബ് വിദ്യാര്‍ഥികള്‍ വാഴകളെ നശിപ്പിക്കുന്ന പുഴുക്കളെക്കുറിച്ച് പഠനം നടത്തി. സമീപപ്രദേശങ്ങളിലെ വാഴത്തോട്ടങ്ങളില്‍ ഇല തിന്നുനശിപ്പിക്കുന്ന കമ്പിളിപ്പുഴുവിന്റെ ജീവിതചക്രത്തിന്റെ പ്രദര്‍ശനവും സ്‌കൂളില്‍ നടത്തി. പുഴുക്കള്‍ വാഴയിലയുടെ ഹരിതകണം തിന്നുതീര്‍ക്കുന്നതും ഇത് പ്രകാശസംശ്ലേഷണത്തെ ബാധിക്കുന്നതിനാല്‍ വാഴയുടെ വളര്‍ച്ച മുരടിക്കുന്നതും കുട്ടികള്‍ പഠനവിധേയമാക്കി.
സീഡംഗങ്ങള്‍ മാത്തില്‍ഗ്രാമത്തില്‍നിന്ന് പുഴുക്കളെക്കൊണ്ടുവന്ന് ലാബില്‍ വളര്‍ത്തി. ബാര്‍ സോപ്പും വേപ്പെണ്ണയും ചേര്‍ന്ന മിശ്രിതം പുഴുബാധിത ഇലകളില്‍ തളിച്ചപ്പോള്‍ പുഴുക്കള്‍ കുറഞ്ഞുവരുന്നതായി സീഡംഗങ്ങള്‍ കണ്ടെത്തി. വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെയും ചിത്രങ്ങളുടെയും പ്രദര്‍ശനം പ്രിന്‍സിപ്പല്‍ കെ.വി.രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. എം.വി.ശ്രീനിവാസന്‍ അധ്യക്ഷതവഹിച്ചു. എം.ടി.പി.ഹാഷിര്‍, പ്രഥമാധ്യാപിക സി.ഐ.വത്സല, സീഡ് ഇക്കോ ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ടി.മഹേഷ്, സ്‌കൂള്‍ ലീഡര്‍ ശരത്ത് കെ.ശശി, സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.വി.പ്രഭാകരന്‍, പി.അശ്വതി എന്നിവര്‍ സംസാരിച്ചു. ഇക്കോ ക്ലബ് അംഗങ്ങളായ കെ.ആര്‍.അനിരുദ്ധന്‍, അജിത് ഗിരീഷ്, പി.വിനീത്, കെ.വി.ഹരിപ്രസാദ്, ടി.അര്‍ജുന്‍, കെ.സൂരജ് വി.അക്ഷയ് എന്നിവര്‍ പഠനപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.